
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട്, മുൻപ് കോൺഗ്രസ് പിളർത്തി സ്വന്തം പ്രാദേശിക പാർട്ടികൾ രൂപീകരിച്ച മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും മാതൃസംഘടനയിലേക്ക് ലയിക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചന. തൃണമൂൽ കോൺഗ്രസിനുള്ളിലെ കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഇരു പാർട്ടികളും കോൺഗ്രസിൽ ലയിക്കുമെന്ന ചർച്ചകൾ സജീവമായത്.
ലയന വാർത്തകൾ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണെന്ന് കോൺഗ്രസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യാഴാഴ്ച പറഞ്ഞെങ്കിലും, മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പഠോളെ ഈ നീക്കം സ്ഥിരീകരിച്ച് രംഗത്തെത്തി. സമാന ചിന്താഗതിയുള്ള പാർട്ടികൾ കോൺഗ്രസിൽ ലയിക്കാൻ തയ്യാറെടുക്കുകയാണെന്നും വെറുമൊരു സഖ്യമല്ല, മറിച്ച് പൂർണ്ണമായ ലയനമാണ് ഇതെന്നും പഠോളെ വ്യക്തമാക്കി. ശരദ് പവാർ ലയനത്തിനുള്ള നിർദ്ദേശം മുൻപ് തന്നെ മുന്നോട്ടുവെച്ചിരുന്നതാണെന്നും ദേശീയ തലത്തിൽ ഇതിനുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടും പ്രാദേശിക പാർട്ടികളുടെ ലയനത്തെ സ്വാഗതം ചെയ്തു. കോൺഗ്രസിൽ നിന്ന് പിരിഞ്ഞുപോയ എല്ലാ പാർട്ടികളും തിരികെയെത്തി രാഹുൽ ഗാന്ധിയെ തങ്ങളുടെ നേതാവായി പൂർണ്ണമനസ്സോടെ അംഗീകരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി എന്ന ചിത്രം വ്യക്തമായാൽ ജനങ്ങളുടെ വോട്ടിംഗ് രീതി തന്നെ മാറുമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.






