
ലോകത്തില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പിക്കപ്പ് ട്രക്കുകളില്‍ ഒന്നായ ഹൈലക്സിന്റെ ന്യൂജെന്‍ മോഡല്‍ അധികം വൈകാതെ നമ്മുടെ നിരത്തുകളിലേക്കും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിയ്ക്കുകയാണ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പുതിയ ടഫ് ആന്‍ഡ് എജൈല്‍ ഡിസൈന്‍ തത്വചിന്തയ്ക്ക് അനുസൃതമായാണ് ന്യൂജെന്‍ ഹൈലക്സ് പണികഴിപ്പിച്ചിരിക്കുന്നത്. മെലിഞ്ഞ ഹെഡ്ലാമ്പുകള്‍, ടൊയോട്ട എന്നെഴുതിയ ഒരു വെട്ടിക്കല്‍ ബാര്‍, റീഡിസൈന്‍ ചെയ്ത ബമ്പര്‍ എന്നിവയാല്‍ പിക്കപ്പ് ട്രക്കിന്റെ മുന്‍വശം ഫ്യൂച്ചറിസ്റ്റിക് രൂപത്തിലാണ്.
വിദേശ വിപണിയില്‍ ട്രാവോ എന്നറിയപ്പെടുന്ന ഹൈലക്സിന് 5,320 mm നീളവും 1,885 mm വീതിയും 1,815 mm ഉയരവും 3,085 mm വീല്‍ബേസും 225 mm ഗ്രൗണ്ട് ക്ലിയറന്‍സും 6.3 മീറ്റര്‍ ടേണിംഗ് റേഡിയസും 17 ഇഞ്ച് അലോയ് വീലുകളും 80 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുമാണുള്ളത്. ഇന്ത്യന്‍ മോഡലിലും ഇതേ സവിശേഷതകള്‍ വാഗ്ദാനം ചെയ്യാന്‍ ടൊയോട്ടയ്ക്ക് കഴിയും. പുതിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ സുഖസൗകര്യങ്ങളാല്‍ സമ്പന്നമായ ഇന്റീരിയറും പിക്കപ്പിലുണ്ടാവും.
ആന്‍ഡ്രോയിഡ് ഓട്ടോയെയും ആപ്പിള്‍ കാര്‍പ്ലേയും വയര്‍ലെസ് ആയി പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് പ്രധാന ആകര്‍ഷണം. 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സ്റ്റിയറിംഗ് വീല്‍, പവര്‍ഡ് സീറ്റുകള്‍, ജെബിഎല്‍ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍ 2 ADAS സ്യൂട്ട്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഡ്രൈവിംഗ് മോഡുകള്‍, ട്രാക്ഷന്‍ മോഡുകള്‍, ലോഡിംഗ് ബേയിലേക്കുള്ള പവര്‍ഡ് റിയര്‍ വിന്‍ഡോ, ഡ്യുവല്‍ ഗ്ലൗബോക്സുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയെല്ലാം അകത്തളത്തിന് പ്രീമിയം ഫീല്‍ സമ്മാനിക്കും.
48V ഹൈബ്രിഡ് ഡീസല്‍, പെട്രോള്‍, ഇലക്ട്രിക് (BEV), ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ (FCEV) എന്നിങ്ങനെ ഒന്നിലധികം ഫ്യുവല്‍ ഓപ്ഷനുകളിലാണ് ന്യൂജെന്‍ ടൊയോട്ട ഹൈലക്സ് വിപണിയിലെത്തുന്നത്. എന്നാ ഇന്ത്യയിലെത്തുമ്പോള്‍ 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തന്നെയാവും ഉപയോഗിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 200 bhp കരുത്തില്‍ പരമാവധി 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. കൂടുതല്‍ കാര്യക്ഷമതയ്ക്കായി 48V മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണവും എഞ്ചിനൊപ്പം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാങ്കേതികവിദ്യ ചേര്‍ക്കുന്നതോടെ പിക്കപ്പിന് 10 ശതമാനം വരെ ഉയര്‍ന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാനാവും.






