
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരെ പൊലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മമത നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിലിഗുഡിയിലെ പൊലീസ് സ്റ്റേഷനിൽ തുഷാർ കാന്തി ദാസ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മാർച്ച് 9ന് കൊൽക്കത്തയിലെ ധർണ മഞ്ചിൽ, മെട്രോ ചാനലിന് മുന്നിൽ നടന്ന പരിപാടിയിൽ മമത ബാനർജി നടത്തിയ പ്രസംഗമാണ് പരാതിയിൽ പരാമർശിക്കുന്നത്. സാമുദായിക സൗഹാർദത്തെ ബാധിക്കുന്നതും ജനാധിപത്യ സംവിധാനത്തിന് ഭീഷണിയുണ്ടാക്കുന്നതുമായ പരാമർശമാണ് മമതയുടെ പ്രസംഗത്തിലുണ്ടായിരുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.






