
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ജൂലിയന്‍ ക്വീനോനസിന്റെ പേര് ഇനി മുതല്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലുണ്ടാകും.
യു.എസ്., കാനഡ, മെക്സിക്കോ എന്നിവര്‍ ചേര്‍ന്നു വേദിയാകുന്ന ഈ ലോകകപ്പിലെ ആദ്യ ഗോളടിച്ചത് സൗദി പ്രോ ലീഗിലെ താരമായ ജൂലിയന്‍ ക്വീനോനസാണ്. സെസാര്‍ സാംപിയോ (1998), പാപാ ബൗബ ദിയോപ് (2002), സിഫിവെ ഷബലാല (2010), മാഴ്സലോ (2014), യൂറി ഗാസിന്‍സ്കി (2018), ഇന്നര്‍ വലന്‍സിയ (2022) എന്നിവര്‍ മാത്രം ഉള്‍പ്പെട്ട പട്ടികയിലേക്കാണ് ജൂലിയന്‍ ക്വീനോനസ് എത്തിയത്. 2010 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ സിഫിവെ ഷബലാല മെക്സിക്കോയ്ക്കെതിരേയായിരുന്നു ഗോളടിച്ചത്. അന്നു തങ്ങളെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കിയാണ് മെക്സിക്കോ സ്വന്തം തട്ടകമായ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലെ കളി അവസാനിപ്പിച്ചത്. സിഫിവെ ഷബലാലയുടെ അന്നത്തെ ഗോളാഘോഷം അതേ പടി അനുകരിച്ചും മെക്സിക്കന്‍ താരങ്ങള്‍ പക വീട്ടി.
ഉദ്ഘാടന മത്സരം ഉന്തും തള്ളും കൊണ്ട് സംഘര്‍ഷമയമായി. ആതിഥേയരായ മെക്സിക്കോയുടെ ആധിപത്യമായിരുന്നു ഒന്നാം പകുതിയില്‍. മൂന്നാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം മൗദിബയുടെ ഫൗളില്‍ മെക്സിക്കോയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. തൊട്ടുപിന്നാലെ മെക്സിക്കോയുടെ ആദ്യ ഗോള്‍ നീക്കം. അഞ്ചാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിന് സമാന്തരമായി ലഭിച്ച ക്രോസില്‍ റൗള്‍ ജിമെനസിന്റെ തകര്‍പ്പന്‍ ഷോട്ട്. ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ റോനോവന് വില്യംസ് തടുത്തിട്ടു. കാത്തിരിപ്പ് അധികം നീണ്ടില്ല. ഒന്‍പതാം മിനിറ്റില്‍ ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു. ദക്ഷിണാഫ്രിക്കന്‍ താരം യായാ സിതോലെയുടെ ചെറിയ പിഴവ് ഗോളിലേക്കുള്ള വഴിയായി. താരത്തിന്റെ കാലില്‍നിന്നു റാഞ്ചിയ പന്ത് എറിക് ലിറ ക്വിനോനസിനു നീട്ടി നല്കി. ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് പോസ്റ്റിലെത്തി. മെക്സിക്കോയുടെ തുടരന് ശ്രമങ്ങള്‍ക്കു ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ വില്ലനായി. റൗള്‍ ഗിമെസനിനെ ഫൗള്‍ ചെയ്തതിന് ടെബോഹോ മകോവേനയ്ക്ക് 17-ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ്. ഈ ലോകകപ്പിലെ ആദ്യ മഞ്ഞക്കാര്‍ഡും അതോടെ പുറത്തുവന്നു. ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റ താരങ്ങള്‍ക്ക് മെക്സിക്കന്‍ ഗോള്‍ മുഖത്തേക്കു പന്തെത്തിക്കാന്‍ കഴിഞ്ഞില്ല. 25 മിനിറ്റിനു ശേഷമുള്ള ഹൈഡ്രേഷന് ബ്രേക്കിലാണ് ദക്ഷിണാഫ്രിക്ക ഉണര്‍ന്നത്. അരമണിക്കൂറില്‍ മെക്സിക്കോ ആറ് ഗോള്‍ ശ്രമങ്ങള്‍ നടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് അപ്പോഴും പന്ത് കാലില്‍ കിട്ടിയിരുന്നില്ല. രണ്ടാം ഗോളിനായി ക്വിനോനസ് 15 വാര അകലെനിന്നു തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതു നിരാശയായി. 45-ാം മിനിറ്റില്‍ എംബെകെസെലി എംബോകാസിയിലൂടെ ആദ്യ ഗോള്‍ നീക്കം. ദക്ഷിണാഫ്രിക്കന്‍ സ്ട്രൈക്കറുടെ ഷോട്ട് മെക്സിക്കോ ഗോള്‍ കീപ്പര്‍ ഹൊസെ റാംഗലിനെ അലോസരപ്പെടുത്തിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിതോലെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്ത്. ഫൗളിനു ലഭിച്ച ഫ്രീകിക്ക് ഗോളിലെത്തിക്കാന്‍ മെക്സിക്കോ താരങ്ങള്‍ക്കായില്ല.
ലില്‍ ഫോസ്റ്റര്‍, ജെയ്ഡന്‍ ആഡംസ് എന്നിവരെ പിന്‍വലിച്ച ദക്ഷിണാഫ്രിക്ക ടെംബ സെ്വയ്നെയും ടലെന്റെ എംബാതയെയും ഇറക്കി. 66-ാം മിനിറ്റില്‍ അല്‍വാരി ഫിഡാല്ഗോയെ പിന്‍വലിച്ച മെക്സിക്കോ 17 വയസുകാരന് ഗില്‍ബര്‍ട്ടോ മൊറയയെ കളിക്കാനിറക്കി. ലോകകപ്പില്‍ മെക്സിക്കോയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 1930 ല്‍ ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ കളിച്ച മാനുവല്‍ റൊസാസിന്റെ റെക്കോഡാണ് മൊറ തകര്‍ത്തത്. ലോകകപ്പില്‍ അരങ്ങേറുമ്പോള്‍ 18 വയസും 88 ദിവസവുമായിരുന്നു റൊസാസിന്റെ പ്രായം. ലോകകപ്പില്‍ കളിക്കുന്ന പ്രായം കുറഞ്ഞ ആറാമത്തെ താരം കൂടിയാണ് മൊറ. 67-ാം മിനിറ്റിലാണ് ജിമെനസ് ഗോളടിക്കുന്നത്. റോബര്‍ട്ടോ അല്‍വാര്‍ഡോ വലതു ഭാഗത്തുനിന്ന് അളന്നുമുറിച്ചു നല്കിയ ക്രോസില്‍ തല വച്ചാണ് റൗള്‍ ലക്ഷ്യം കണ്ടത്. നാല് ലോകകപ്പുകളില്‍ മെക്സിക്കോ ടീമുകളുടെ ഭാഗമായ ജിമെനസിന്റെ ആദ്യ ഗോളാണിത്. ഗോളടിച്ചതിനു പിന്നാലെ താരത്തെ പിന്‍വലിച്ചു. 84ാം മിനിറ്റില്‍ സ്വാനു ചുവപ്പു കാര്‍ഡു കണ്ടതോടെ ദക്ഷിണാഫ്രിക്ക ഒന്‍പതു പേരായി. ഇഞ്ചുറി ടൈമില്‍ ദക്ഷിണാഫ്രിക്കയുടെ ഖുലിസോ മുദാവുവിനെ വീഴ്ത്തിയതിന് മെക്സിക്കോയുടെ സെസാര്‍ മോണ്ടസും ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങി.






