
കോട്ടയം: കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് മന്ത്രി ഷിബു ബേബി ജോണ്‍. കാട്ടാന ആക്രമണത്തില്‍ മരിച്ച ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകന് രക്ഷനെ(11) യാണ് 25-ാം വാര്‍ഡില്‍ മന്ത്രി സന്ദര്‍ശിച്ചത്. പഠനവും ചികിത്സയുമുള്‍പ്പെടെ കുട്ടിയുടെ എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരിക്കുമെന്ന് ബന്ധുക്കള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി. രക്ഷന്റെയും സഹോദരി രക്ഷിണയുടെയും പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റിട്ട നഷ്ടപരിഹാരത്തുകയുടെ ബാങ്ക്രേഖകളും മന്ത്രി കൈമാറി.
പരുക്കേറ്റ കുട്ടിക്ക് 18 വയസ് തികയുംവരെ റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിന് പ്രതിമാസം അയ്യായിരം രൂപ നല്‍കും. കുട്ടികളുടെ സംരക്ഷണത്തിന് വനംവകുപ്പിലെ ഒരു സീനിയര്‍ ഓഫീസറെ മെന്ററായി നിയോഗിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി പൂര്‍ണമായി ഭേദമായിട്ടേ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യൂ. ചിന്നക്കനാലിലെ വീട്ടിലെത്തുമെന്നും രക്ഷന്റെ ബന്ധുക്കള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സദറുദ്ദീന്‍ അഹമ്മദ്, ഡോ. ഫ്രെഡറിക് പോള്‍, ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. സതീഷ് ചന്ദ്രന്, ഡോ. ടിനു രവി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജയചന്ദ്രന് നായര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പ്രഫുല്‍ അഗര്‍വാള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.






