
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടനും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നിര്‍വാഹകസമിതി അംഗവുമായ ടിനി ടോമിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്‍സിബയ്ക്കെതിരേ ടിനി വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയെന്നും ജിഹാദിയെന്നു വിളിച്ച് ആക്ഷേപിച്ചെന്നുമാണ് പരാതി.
ആരോപണങ്ങളെല്ലാം ടിനി നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് 'അമ്മ' പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെ നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്.ഐ. രേഷ്മ എന്നിവര്‍ക്കെതിരേ അന്‍സിബ കോടതിയെ സമീപിച്ചു. മറ്റുള്ളവരെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്നു വ്യാജപ്രചാരണം നടത്തിയെന്നും മറ്റ് വ്യക്തികളുമായി ബന്ധപ്പെടുത്തി കഥകള്‍ പ്രചരിപ്പിച്ചെന്നും സാമൂഹികമാധ്യമങ്ങളിലൂടെ കുടുംബത്തെപ്പോലും അധിക്ഷേപിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസ് അന്‍സിബയുടെ മൊഴിയെടുത്തിരുന്നു.
ടിനി ടോം വര്‍ഗീയാധിക്ഷേപം നടത്തിയതായോ അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചതായോ തനിക്കറിയില്ലെന്നാണ് ശ്വേതാ മേനോന്റെ മൊഴി. സംഘടനയ്ക്കു പരാതി ലഭിച്ചത് പിന്നീടാണ്. അതേസമയം, നടി നീനാ കുറുപ്പ് അന്‍സിബയെ പിന്തുണച്ച് രംഗത്തെത്തി. 'അമ്മ' കുടുംബസംഗമത്തിനിടെ ടിനി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി നീന നേരത്തേ ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന 'അമ്മ' കുടുംബസംഗമം ഒരു മതസ്ഥാപനം സ്പോണ്സര് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് പ്രശ്നങ്ങളുടെ തുടക്കം. അതിനു പിന്നാലെ അന്‍സിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചു. എന്നാല്‍, സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തന്റെ വളര്‍ച്ചയില്‍ ഭയമുള്ള ചിലരാണ് ആരോപണത്തിനു പിന്നിലെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് ടിനിയുടെ ആരോപണം.






