
കാസർകോട്: നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. കാസർകോട് കാഞ്ഞങ്ങാട് മേഖലയിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരെയാണ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പട്രോളിംഗ് വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജിനും അലോഷിക്കുമാണ് പരിക്കേറ്റത്. സൂരജിന് കാലിൽ ഗുരുതര പരിക്കേറ്റപ്പോൾ അലോഷിക്കും സാരമായ പരിക്കുകളുണ്ട്.
പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






