
ആസാമിലെ ജോര്‍ഹട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-32 ട്രാന്‍സ്പോര്‍ട്ട് വിമാനം തകര്‍ന്നുവീണു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയും ചെയ്തു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, എയര്‍ഫോഴ്സ് സ്റ്റേഷന് പരിസരത്ത് വെച്ചാണ് എഎന്‍-32 വിമാനം തകര്‍ന്നുവീണത്.
ലാന്‍ഡിംഗിനിടെയാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീ നിയന്ത്രണവിധേയമാക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി അടിയന്തര രക്ഷാപ്രവര്‍ത്തക സംഘത്തെ ഉടന്‍ തന്നെ സ്ഥലത്ത് വിന്യസിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സംഭവം സ്ഥിരീകരിച്ച ഇന്ത്യന്‍ വ്യോമസേന, സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അറിയിച്ചു. അപകടത്തിന് പിന്നാലെ വിമാനത്തില്‍ നിന്ന് വന്‍തോതില്‍ പുക ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തീ നിയന്ത്രണവിധേയമാക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി അടിയന്തര രക്ഷാപ്രവര്‍ത്തക സംഘത്തെ ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് വിന്യസിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ആളപായത്തെക്കുറിച്ചോ പരിക്കുകളെക്കുറിച്ചോ ഉള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. വിമാനാപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന കരുത്തായ ഇരട്ട എഞ്ചിന് ടര്‍ബോപ്രോപ്പ് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ആന്റണോവ് എഎന്‍-32. ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായി സോവിയറ്റ് യൂണിയന് നിര്‍മ്മിച്ച ഈ വിമാനങ്ങളില്‍ നൂറോളമെണ്ണം നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്.
വളരെ ദുര്‍ഘടമായ ഭൂപ്രകൃതിയിലും കഠിന കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ വിമാനം. ഉയര്‍ന്ന മലയോര മേഖലകളിലും കടുത്ത ഉഷ്ണമേഖലാ കാലാവസ്ഥയിലും ഇതിന് സുഗമമായി ലാന്‍ഡിംഗ് നടത്താനാകും. 7.5 ടണ്‍ വരെ ചരക്കുകളോ, 50 യാത്രക്കാരെ യോ അല്ലെങ്കില്‍ 42 പാരാട്രൂപ്പര്‍മാരെയോ വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനം സാധനങ്ങള്‍ എത്തിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നു.






