
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ കാലവർഷം ദുര്‍ബലമാകുന്നതായി സൂചന. എൽനിനോ പ്രതിഭാസമാണ് ഇതിന് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
ഇന്നും നാളെയും ഏതാനും ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിങ്കളാഴ്ച മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനവും കാലവർഷം ദുര്‍ബലമാകുന്നതിന്റെ സൂചനയാണ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ പ്രവചനമനുസരിച്ച് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല.
കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽനിനോയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.






