
കണ്ണൂർ: സംസ്ഥാനത്ത് നിപ ഭീതിയടക്കം നിലനിൽക്കുന്ന നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ രംഗത്ത്. മുൻപ് സംസ്ഥാനം നിപ, കൊവിഡ് പ്രതിസന്ധികളെ നേരിട്ടപ്പോൾ മികച്ച പ്രതിരോധ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഡോ. കെ. റീനയെന്നും അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ അവരെ മാറ്റരുതായിരുന്നുവെന്നും ശൈലജ കണ്ണൂരിൽ പറഞ്ഞു.
കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ നിലവിലെ ആരോഗ്യമന്ത്രി നേരിട്ടെത്തി ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്നും ഈ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളെയും പങ്കാളികളാക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു. സർക്കാരിനെ പൂർണമായി കുറ്റപ്പെടുത്താൻ ഈ ഘട്ടത്തിൽ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.






