
ടൊറന്റോ: കാനഡയെ അവരുടെ നാട്ടില്‍ സമനിലയില്‍ കുരുക്കി ബോസ്നിയ ഹെര്സഗോവ്നിയ. ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരം 1-1 നാണ് അവസാനിച്ചത്. 21-ാം മിനിറ്റില്‍ ജോവോ ലുക്കിച്ചിലൂടെ മുന്നിലെത്തിയ ബോസ്നിയ ലോകകപ്പിലെ ആദ്യം ജയം കുറിച്ചെന്നു വരെ കരുതി. 79-ാം മിനിറ്റില്‍ കെയ്ല്‍ ലാറിന് നേടിയ ഗോളിലാണു കാനഡ തോല്‍ക്കാതെ രക്ഷപ്പെട്ടത്. 75-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി നാലാം മിനിറ്റിലാണ് ലാറിന് രക്ഷകനായത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പിനെത്തിയ ബോസ്നിയ ആ മികവ് ടൊറന്റോയിലും തുടര്‍ന്നു. പരുക്കേറ്റ ഫുള്‍ബാക്ക് അല്‍ഫോണ്‍സോ ഡേവിസിന്റെ അഭാവം കനേഡിയന്‍ മുന്നേറ്റങ്ങളെ ബാധിച്ചു. തുടക്കത്തില്‍ ബോസ്നിയ മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു. കളി അരമണിക്കുര്‍ പിന്നിട്ട ശേഷമാണു കാനഡ മുന്നേറ്റങ്ങള്‍ തുടങ്ങിയത്. ജൊനാഥന് ഡേവിഡും ടാനി ഒലുവസെയിയും ടയോണ് ബുക്കാനനും ബോസ്നിയന്‍ ഗോള്‍ മുഖത്ത് പലവട്ടമെത്തി.
21-ാം മിനിറ്റില്‍ ബോസ്നിയയുടെ ഗോളെത്തി. ഇവാന് ബാസിച്ചിന്റെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ബോക്സിലേക്കെത്തിയ പന്ത് പോസ്റ്റിന് തൊട്ടു മുന്നില്‍നിന്ന് ഹെഡ് ചെയ്ത സെഡ് കൊളാസിനാക് ലുക്കിച്ചിന് മറിച്ചു നല്കി. ലുക്കിച്ചിന്റെ ഹെഡര്‍ തടയാന്‍ ഗോള്‍ കീപ്പര്‍ മാക്സിമെ ക്രെപൗവിന് അവസരമുണ്ടായില്ല. പിന്നിലായതോടെ കാനഡയുടെ ആക്രമണങ്ങള്‍ക്ക് കരുത്തു കൂടി. അതോടെ ബോസ്നിയന്‍ പ്രതിരോധം കടുകട്ടിയായി. ബോസ്നിയ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ കളി വിരസവുമായി.
52-ാം മിനിറ്റില്‍ ലാറിയയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ വാസിലിനെ മറികടന്നെങ്കിലും കൊളാസിനാക്കിന്റെ ഗോള്‍ ലൈന്‍ സേവ് രക്ഷയായി. കൊളാസിനാക്കിന്റെ കാലില്‍ തട്ടിയ പന്ത് ക്രോസ് ബാറിലിടിച്ച് പുറത്തേക്കു പോയി. 65-ാം മിനിറ്റില്‍ വീണ്ടും ബോസ്നിയന്‍ ഗോള്‍ മുഖത്ത് പരീക്ഷണം. ടാനി ഒലുവസെയിയുടെ ഹെഡര്‍ നിക്കോള കാറ്റിച്ച് ഗോള്‍ ലൈനില്‍ രക്ഷിച്ചെടുത്തു.
79-ാം മിനിറ്റിലാണ് കാനഡയ്ക്ക് ബോസ്നിയന്‍ പ്രതിരോധം ഭേദിക്കാനായത്. സൈല്‍ ലാറിന് ഫ്ളിക്ക് ചെയ്ത പന്ത് ജൊനാഥന് ഡേവിഡ് ലാറിനു നല്കി. ലാറിന്റെ വോളി ഗോള്‍ കീപ്പര്‍ വാസിലിനെ മറികടന്ന് വലയില്‍. തുടര്‍ന്നു നടന്ന നീക്കങ്ങളൊന്നും ഗോളിലെത്തിയില്ല. അതോടെ കാനഡയും ബോസ്നിയയും ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.






