
ന്യൂജേഴ്സി: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സെനഗലിനെതിരെ തകര്‍പ്പന്‍ ഇരട്ട ഗോളുകളോടെ കിലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറി. നിര്‍ണ്ണായകമായ ആദ്യ മത്സരത്തില്‍ സെനഗലിനെതിരേ 3-1 നായിരുന്നു ഫ്രാന്‍സിന്റെ വിജയം. കിലിയന്‍ എംബാപ്പോ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ഒരുഗോള്‍ ബാര്‍കോളയും നേടി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ എംബായേ സെനഗലിനായി ഒരുഗോള്‍ മടക്കി.
രണ്ടാം പകുതിയില്‍ സെനഗലിന്റെ പ്രതിരോധം തകര്‍ത്ത് ഒരു ലോങ്-റേഞ്ച് ലോ സ്ട്രൈക്കിലൂടെയാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ഒരു തകര്‍പ്പന്‍ ദീര്‍ഘദൂര ഷോട്ടിലൂടെ അദ്ദേഹം വീണ്ടും ലക്ഷ്യം കണ്ടു. റയല്‍ മാഡ്രിഡ് ഫോര്‍വേഡായ എംബാപ്പെയുടെ ഈ രണ്ടാം ഗോള്‍ ഫ്രാന്‍സിനായുള്ള അദ്ദേഹത്തിന്റെ ഗോള്‍ നേട്ടം 58-ല്‍ എത്തിച്ചു. ഇതോടെ മുന്‍ റെക്കോര്‍ഡ് ഉടമ ഒലിവിയര്‍ ജിറൂഡിനേക്കാള് ഒരു ഗോളിന് അദ്ദേഹം മുന്നിലായി.
മത്സരത്തില്‍ നേരത്തെ ബ്രാഡ്ലി ബാര്‍ക്കോള ഫ്രാന്‍സിനെ 2-0 ന് മുന്നിലെത്തിച്ചിരുന്നു. അതിനുശേഷം ഇബ്രാഹിം എംബായെ സെനഗലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും, എംബാപ്പെയുടെ രണ്ടാം ഗോള്‍ സെനഗലിന്റെ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം തകര്‍ത്തു. എംബാപ്പെയുടെ ആദ്യ ഗോളിന് മുമ്പ് ഫ്രാന്‍സിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച സെനഗലായിരുന്നു മുന്നില്‍ നിന്നിരുന്നത്. ഗോള്‍ നേടാനാകാതെ പോയത് അവര്‍ക്ക് നിര്‍ഭാഗ്യകരമായി.
സെനഗലിന്റെ നിക്കോളാസ് ജാക്സന്റെ ഒരു ലോ ഷോട്ട് പോസ്റ്റിന്റെ താഴത്തെ ഭാഗത്തിടിച്ച്, ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്നാന്റെ കാലില്‍ തട്ടി നേരിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. ഇത് ഗോളിന് ഏറ്റവും അടുത്തുവന്ന നിമിഷമായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ സാദിയോ മാനെയുടെ ക്രോസ് സ്വീകരിച്ച ഇസ്മയില സാറിന് സെനഗലിനെ മുന്നിലെത്തിക്കാന്‍ മികച്ചൊരു അവസരം ലഭിച്ചെങ്കിലും, ക്ലോസ്-റേഞ്ച് ഷോട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ പുതിയ വീര്യത്തോടെയാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ബോക്സിനുള്ളില്‍ വെച്ച് മാനെ എംബാപ്പെയെ ഫൗള്‍ ചെയ്തതായി തോന്നിയെങ്കിലും ഫ്രാന്‍സിന് പെനാല്‍റ്റി നിഷേധിക്കപ്പെട്ടു. റഫറി അലിറേസ ഫഗാനി ആദ്യം ഫ്രാന്‍സിന് കോര്‍ണര്‍ ആണ് അനുവദിച്ചത്. എന്നാല്‍ വീഡിയോ അസിസ്റ്റന്റ് റഫറി മോണിറ്റര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടതോടെ സ്റ്റേഡിയത്തിലെ ഭൂരിഭാഗം ആരാധകരും പെനാല്‍റ്റി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ എംബാപ്പെയാണ് മാനെയുമായി ആദ്യം കോണ്ടാക്റ്റ് ഉണ്ടാക്കിയതെന്ന് വിലയിരുത്തി ഫഗാനി പെനാല്‍റ്റി നിഷേധിക്കുകയായിരുന്നു.






