
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതിയ ആളുടെ സെക്രട്ടറിയേറ്റിലെ സേവനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. ‘കാവലാൾ എന്ന ഏറെ ചർച്ച ചെയ്യപ്പെട്ടതും വിമർശിക്കപ്പെട്ടതുമായ പിണറായി സ്തുതി എഴുതിയ പൂവത്തൂർ ചിത്രസേനനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽനിന്ന് വിരമിച്ച ശേഷം ധനകാര്യ വകുപ്പിൽ 'സ്പെഷ്യൽ മെസഞ്ചർ' ആയി ചിത്രസേനൻ കരാർ അടിസ്ഥാനത്തിൽ തുടർന്നു വരികയായിരുന്നു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷവേളയിൽ പിണറായി വിജയനെ വേദിയിലിരുത്തി ആലപിക്കുന്നതിനായിരുന്നു അദ്ദേഹം ഈ വരികൾ തയ്യാറാക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലേയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് 100 വനിതാ ജീവനക്കാര്‍ ചേര്‍ന്നായിരുന്നു ഈ പാട്ടു പാടിയത്. 'ഫീനിക്സ് പക്ഷി' ആയും ‘പടനായകൻ' ആയും പിണറായിയെ വിശേഷിപ്പിക്കുന്നതായിരുന്നു പാട്ട്.
വിരമിച്ച ശേഷം നിയമനം ആവശ്യപ്പെട്ടു ചിത്രസേനന് 2024 ഏപ്രില്‍ 25നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, സ്പെഷല്‍ മെസഞ്ചറായി നിയമനം നല്കി ഏപ്രില്‍ 24ന് തന്നെ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് വൻ വിവാദമായിരുന്നു. അതേപോലെ, തിരുവനന്തപുരത്ത് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് നടത്തിയ മെഗാ തിരുവാതിര പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, പാർട്ടിയിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ല എന്ന് പറഞ്ഞാണ് നേതൃത്വം അന്ന് ഇതിനെ ന്യായീകരിച്ചത്.






