
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് ആശുപത്രിയിൽ നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെ തുടർന്ന് രക്തബാർബുദം ബാധിച്ച മൂന്ന് വയസുകാരൻ മരിച്ചു. മരുന്നിന് പകരം ലബോറട്ടറികളിൽ കോശങ്ങളും മൃതദേഹങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന അതീവ വിഷാംശമുള്ള 'ഫോർമാലിൻ' കുത്തിവെച്ചതാണ് മരണത്തിന് കാരണമായത്.
സാഗർ ജില്ലയിലെ ബിന സ്വദേശിയായ സിദ്ധാർത്ഥ് യാദവിന്റെ മകൻ സാർത്തക് യാദവ് ആണ് മരിച്ചത്. 2025 ഡിസംബറിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ആശുപത്രി അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് കുറ്റക്കാരായ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് ഇപ്പോൾ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അർബുദ ബാധയെ തുടർന്ന് 2025 ഡിസംബർ 15-നാണ് സാർത്തകിനെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 17-ന് രാവിലെ കുട്ടിയുടെ ശരീരത്തിലേക്ക് മരുന്ന് നൽകിയിരുന്ന ഐവി ലൈനിൽ തടസ്സം നേരിട്ടു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫീസർ വാർഡിൽ ഇരുന്ന, 'എഫ്' എന്ന് അടയാളപ്പെടുത്തിയ ഒരു സിറിഞ്ച് എടുത്ത് പരിശോധനയൊന്നും കൂടാതെ ഐവി ബോട്ടിലിലേക്ക് കുത്തിവെക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഇത് തടയാൻ ശ്രമിച്ചെങ്കിലും "ഞാനാണോ അതോ നിങ്ങളാണോ ഇവിടുത്തെ ഡോക്ടർ?" എന്ന് ചോദിച്ച് നഴ്സ് തന്നെ പരിഹസിച്ചതായി പിതാവ് ആരോപിക്കുന്നു. കുത്തിവെപ്പെടുത്ത ഉടൻ തന്നെ കുട്ടിയുടെ നില വഷളാകുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 8:45-ഓടെ കുട്ടി മരണപ്പെടുകയായിരുന്നു.
ആശുപത്രി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കുട്ടിയുടെ മരണകാരണം സിരകളിലൂടെ ഫോർമാലിൻ ഉള്ളിൽ ചെന്നതാണെന്ന് സ്ഥിരീകരിച്ചു. ബയോപ്സി സാമ്പിൾ സൂക്ഷിക്കാൻ മാറ്റിവെച്ച ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ അശ്രദ്ധമായി തുറന്നുവെക്കുകയായിരുന്നു. പരിശോധനയൊന്നുമില്ലാതെ അലക്ഷ്യമായി കുട്ടിക്ക് കുത്തിവെച്ച നഴ്സിങ് ഓഫീസർ മധുബാല ശർമ്മയ്ക്കും മറ്റൊരു നഴ്സായ അനുക ഗുജറാത്തിക്കും എതിരെ കേസെടുത്തിട്ടുണ്ട്. എയിംസ് മാനേജ്മെന്റ് രണ്ട് നഴ്സുമാരെയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.






