
കോഴിക്കോട്: കേന്ദ്രത്തിന്റെ പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിനെ വിമര്‍ശിച്ച് സമസ്തയും പോഷക സംഘടനയായ എസ്‌കെഎസ്എസ്എഫും. ജനവിരുദ്ധവും ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതും ആണെങ്കില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
മുന്‍പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ പദ്ധതിയെ എതിര്‍ത്ത മുഖ്യമന്ത്രി, ഇപ്പോള്‍ സ്വീകരിക്കുന്ന അനുകൂല നിലപാടില്‍ മറുപടി നല്‍കണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അന്തിമ നിലപാട് പ്രഖ്യാപിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ അന്തരീക്ഷത്തിന് അനുയോജ്യമല്ലാത്ത പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് എസ്‌കെഎസ്എസ്എഫും വ്യക്തമാക്കി. പദ്ധതിക്കെതിരേ നേരത്തേ ശക്തമായ നിലപാടെടുത്തവര്‍ ഇപ്പോള്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് കീഴടങ്ങുന്നു എന്ന ആക്ഷേപത്തിന് മറുപടി പറയേണ്ടത് ഭരണാധികാരികളാണ്. അധികാരത്തിലും പ്രതിപക്ഷത്തും ഒരേ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഒ.പി. അഷറഫ് പറഞ്ഞു.
വിഷയത്തില്‍ രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമാവുകയാണ്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനാണ് എല്‍ഡിഎഫ് ഘടകകക്ഷികളുടെയും പ്രതിപക്ഷ യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെയും തീരുമാനം. വെറും പത്ത് മാസത്തെ കാലാവധി മാത്രം ബാക്കിയുള്ള ഒരു പദ്ധതി കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ എന്തിനാണ് ഇത്ര ധൃതി കൂട്ടുന്നതെന്ന് എഐഎസ്എഫ്, എവൈഎസ്എഫ് സംഘടനകള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.






