
തിരുവനന്തപുരം: നാളെ മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യർത്ഥിച്ച് ഗതാഗതമന്ത്രി സി.പി ജോൺ. പ്രതിപക്ഷം സഹകരിക്കണമെന്നാണ് വിനീതമായി അഭ്യർത്ഥിക്കുന്നത്. എന്നാൽ, പ്രതിപക്ഷം സഹകരിക്കില്ല എന്നാണ് പറയുന്നത്. ഇത് വിപരീത ബുദ്ധിയാണ്. അവർ തെറ്റുകൾ തിരുത്തിക്കൊണ്ടിരിക്കുകയാണല്ലോ, ഇതും തിരുത്തുമായിരിക്കുമെന്നും ഗതാഗതമന്ത്രി സിപിഎം നിലപാടിനോട് പ്രതികരിച്ചു.
പ്രിയദർശിനി യാത്ര ആളെ പറ്റിക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു. എല്ലാ ബസിലും സൗജന്യ യാത്ര ഉണ്ടാകുമെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചു. അതിനാൽ, നാളത്തെ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം വിട്ടുനിൽക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇതിനുള്ള മറുപടിയായാണ് സിപി ജോൺ പ്രതികരിച്ചത്.
നാളെ രാവിലെ എട്ടരയ്ക്ക് പദ്ധതി ഉദ്ഘാടനത്തിനു ശേഷം മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളിൽ ‘പ്രിയദർശിനി സൗജന്യ യാത്ര’ എന്ന സ്റ്റിക്കറുകൾ പതിക്കുന്നത് പൂർത്തിയായിട്ടുണ്ട്.






