
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇനിയുള്ള നിയമനങ്ങളിൽ കർശന പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചു. ശേഷിക്കുന്ന 43 പ്ലീഡർമാരുടെ നിയമനത്തിൽ അഡ്വക്കറ്റ് ജനറലിന്റെയും ഡിജിപിയുടെയും പൂർണ്ണ പരിശോധനയും നിരീക്ഷണവും ഉണ്ടാകും. ഇതിനകം നിയമനം ലഭിച്ചവരുടെ കാര്യത്തിലും സൂക്ഷ്മ പരിശോധന നടത്തും. ഹൈക്കോടതിയിൽ ആകെ 133 പ്ലീഡർമാരെയാണ് നിയമിക്കേണ്ടത്. ഇതുവരെ 90 പേരുടെ നിയമനമാണ് പൂർത്തിയായത്.
രണ്ട് തവണ വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ കൂടുതൽ കരുതലോടെ മുന്നോട്ടുപോകാൻ തീരുമാനിച്ചത്. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡറായി നിയമിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് കഴിഞ്ഞ ദിവസം രാജിവെച്ചു. പ്ലീഡർ പട്ടികയിൽ സിപിഐ അംഗമായ അഡ്വ. പി. ദീപ്തി ഉൾപ്പെട്ടതും വിവാദമായി. പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ പി. ദീപ്തിയുടെ രാജി സിപിഐ ആവശ്യപ്പെടുകയായിരുന്നു.






