
തിരുവനന്തപുരം : കല്ലറ പഞ്ചായത്തിലെ സിപിഐഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമ സഭാ തിരഞ്ഞെടുപ്പ് തോൽവി സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ കല്ലറ മുതുവിള ലോക്കൽ കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. ഏരിയ കമ്മിറ്റി അംഗം ആര്‍ .എസ് ജയന്റെ നേതൃത്വത്തിലുള്ള 10 അംഗ അഡ്ഹോക്ക് കമ്മറ്റിയും നിലവിൽ വന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ‘തിരഞ്ഞെടുപ്പ് മുദ്രാവാക്യം’ വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎമ്മിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാനനേതൃത്വത്തിനും വീഴ്ച്ചയെന്ന് സിപിഐഎം റിവ്യൂറിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശിപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ്ച.
അതേസമയം നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്നും സിപിഐഎമ്മിൽ വിമർശനമുയർന്നു. ജനസൗഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണമെന്നും വിമർശനമുണ്ട്. പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും അവമതിപ്പുണ്ടാക്കി.






