
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനമായ പ്രിയദര്‍ശനി പദ്ധതിക്ക് തുടക്കമായി. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി'മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡബില്‍ ബെല്ലടിച്ച് മുഖ്യമന്ത്രി നടത്തിയ ഉദ്ഘാടനത്തില്‍ വി.ഡി. സതീശനൊപ്പം ഗതാഗതമന്ത്രിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനുപമ, മന്ത്രി തുളസി, മറ്റ് ജനപ്രതിനിധികള്‍, പാര്‍ട്ടിക്കാര്‍ എന്നിവരെല്ലാം ആദ്യയാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും പെരുമാതുറയ്ക്കാണ് ആദ്യം സ്ത്രീകളുമായി യാത്ര പോയത്്. മറ്റുജില്ലകളില്‍ വിവിധനേതാക്കള്‍ പദ്ധതി ഉദ്ഘാനം ചെയ്തു. വനിതാഡ്രൈവറായ ഷീലയായിരുന്നു പ്രിയദര്‍ശിനി ബസിന്റെ ആദ്യ സാരഥി. സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്നത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു.
രാവിലെ 8.30-ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്‍പത് മണിയോടെ മുഴുവന്‍ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു
സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുമാണ് പദ്ധതിയിലൂടെ സൗജന്യ യാത്ര അനുവദിക്കുന്നത്. യാത്രയ്ക്കായി പ്രത്യേക തിരിച്ചറിയല്‍ രേഖകളോ മുന്‍കൂര്‍ രജിസ്‌ട്രേഷനോ ആവശ്യമില്ല. ബസില്‍ കയറുമ്പോള്‍ കണ്ടക്ടര്‍ നല്‍കുന്ന 'പ്രിയദര്‍ശിനി' ടിക്കറ്റ് കൈപ്പറ്റിയാല്‍ മാത്രം മതിയാകും. കെ.എസ്.ആര്‍.ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യം ലഭ്യമാവുന്ന ബസിന്റെ മുന്നിലും വാതിലുകള്‍ക്കും സമീപവും 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ സ്ത്രീകളോട് ഇക്കാര്യം മുന്‍കൂട്ടി പറയണമെന്നും ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി നിര്‍ദേശം നല്‍കി.
പദ്ധതി നടപ്പാക്കുന്നതിലൂടെ കോര്‍പറേഷനുണ്ടാകുന്ന മുഴുവന്‍ സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ നേരിട്ട് വഹിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സാധാരണക്കാരായ വനിതകള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് ലഭിക്കാന്‍ പോകുന്നത്. ദിവസേന ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഓര്‍ഡിനറി ബസുകളെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് മാസം 1000 രൂപയിലേറെ യാത്രാക്കൂലി ഇനത്തില്‍ ലാഭിക്കാന്‍ കഴിയും.
പ്രതിപക്ഷ എം.എല്‍.എമാര്‍ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേരത്തേ അറിയിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണ തീരുമാനത്തെ 'വിനാശകാലേ വിപരീതബുദ്ധി' എന്നായിരുന്നു ഗതാഗതമന്ത്രി സി.പി. ജോണ്‍ വിശേഷിപ്പിച്ചത്.






