
ഡാളസ്: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവുമായി ജപ്പാൻ 2-2 ന്റെ ആവേശ സമനില പിടിച്ചുപറ്റി. എന്നാൽ മത്സരശേഷമുള്ള ജപ്പാൻ ആരാധകരുടെ മാതൃകാപരമായ പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഫുട്ബോൾ ലോകത്തും തരംഗമാകുന്നത്. മുൻ ലോകകപ്പുകളിലും മത്സരം ജയിച്ചാലും തോറ്റാലും സ്റ്റേഡിയം വൃത്തിയാക്കി മടങ്ങുന്ന ജാപ്പനീസ് ആരാധകരുടെ ശീലം ഇത്തവണയും അവർ തെറ്റിച്ചില്ല.
ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിന് പിന്നാലെ, സ്റ്റേഡിയത്തിലെ കസേരകൾക്കിടയിൽ കിടന്ന കുപ്പികളും പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും ജപ്പാൻ ആരാധകർ തന്നെ നീക്കം ചെയ്യുകയായിരുന്നു. ജപ്പാൻ ഫുട്ബോൾ ആരാധകരുടെ പെരുമാറ്റം ഫിഫയ്ക്കും വളരെ ഇഷ്ടമായി. നീല നിറത്തിലുള്ള വലിയ ബാഗുകളുമായി ഗാലറിയിലെ അവശിഷ്ടങ്ങൾ ഓരോന്നായി പെറുക്കിയെടുക്കുന്ന ജപ്പാൻ ഫാൻസിന്റെ ദൃശ്യങ്ങൾ ഫിഫ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ആദ്യ പകുതി ഗോൾരഹിതമായിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. വിർജിൽ വാൻ ഡൈക് നെതർലൻഡ്സിനായി ആദ്യ ഗോൾ നേടി. എന്നാൽ ജപ്പാൻ കെയിറ്റോ നകാമുറയിലൂടെ തിരിച്ചടിച്ചു. തുടർന്ന് ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ ഡച്ച് പട വീണ്ടും ലീഡ് എടുത്തു (2-1). കളി കൈവിട്ടു എന്ന് കരു തിയ നിമിഷത്തിൽ, 88-ആം മിനിറ്റിൽ ഡെയ്ച്ചി കമാഡ ഉഗ്രൻ ഹെഡ്ഡറിലൂടെ ജപ്പാന് സമനില സമ്മാനിച്ചു (2-2).






