
ജയ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിന്റെ പുതിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്ത് ബിജെപി വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും ഇന്ദിരാഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു എന്നുമാണ് ഗെലോട്ട് പറഞ്ഞത്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്
ജയ്പൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഗെഹ്ലോട്ട് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. തന്റെ 50 വർഷത്തെ പൊതുജീവിതത്തിൽ ഇത്രയും അപകടകരമായ ഒരു അന്തരീക്ഷം രാജ്യം നേരിടുന്നത് കണ്ടിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഭരണത്തിലിരിക്കുന്നവർ ബോധപൂർവം മതപരമായ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പൂർണ്ണമായും ഒരു ഹിന്ദുത്വ പാർട്ടി മാത്രമാണെന്ന് കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും ഗെലോട്ട് കുറ്റപ്പെടുത്തി.
ഗെലോട്ടിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസിന് ഹിന്ദുക്കളോടും ഹിന്ദുത്വത്തോടുമുള്ള വെറുപ്പാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. കോൺഗ്രസ് നിരന്തരം ഹിന്ദു വികാരം വ്രണപ്പെടുത്തുകയും മുസ്ലിം പ്രീണനം നടത്തുകയുമാണെന്ന് ബിജെപി ആരോപിച്ചു. ഹിന്ദുത്വം എന്നത് ഒരു ജീവിതരീതിയാണെന്നാണ് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളത്. അങ്ങനെയിരിക്കെ ഇന്ദിരാഗാന്ധി എന്തിനാണ് അത് നിരോധിക്കുന്നതെന്ന് പൂനാവാല ചോദിച്ചു.






