
ചെന്നൈ: ഇന്ന് ചെങ്കൽപ്പെട്ട് കുടുംബകോടതിയിൽ വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും വന്നത് വീണ്ടും ഒരുമിക്കാനോ അതോ എന്നേക്കുമായി പിരിയാനുള്ള തീരുമാനത്തിന് അടിവരയിടാനോ? കോടതി നിർദ്ദേശപ്രകാരം ഇരുവരും ഹാജരായി എങ്കിലും പ്രത്യേകിച്ച് ഒരു നടപടിക്രമവും ഇല്ലാതെ കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിന് ആണ് ഇനിയും കേസ് പരിഗണിക്കുക.
ചെങ്കൽപ്പെട്ട്കുടുംബ കോടതി ഇന്ന് രാവിലെ 10:30 ഓടെയാണ് ഹർജിയിന്മേലുള്ള വാദം കേൾക്കൽ ആരംഭിച്ചത്. കോടതിയുടെ നിർദ്ദേശപ്രകാരം വിജയ്യും സംഗീതയും സെഷനിൽ പങ്കെടുത്തു. എന്നാൽ, ഇരുവരുടെയും സാന്നിധ്യമുണ്ടായിരുന്നിട്ടും, കേസിൽ കാര്യമായ പുരോഗതിയോ തീരുമാനങ്ങളോ ഒത്തുതീർപ്പുകളോ ഉണ്ടാകാതെ ഇന്നത്തെ നടപടികൾ അവസാനിച്ചു. സുരക്ഷാ-സാങ്കേതിക കാരണങ്ങളാൽ വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കാൻ ഇരുവരുടെയും അഭിഭാഷകർ നേരത്തെ അനുമതി തേടിയിരുന്നെങ്കിലും കോടതി അത് നിരസിച്ചിരുന്നു.
അതേസമയം വിജയ്യും സംഗീതയും വീണ്ടും ഒരുമിക്കാൻ പോവുകയാണെന്നും അതിനായി നടന്റെ അമ്മ നടത്തിയ ഇടപെടൽ വിജയമായി എന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. വീണ്ടും ഒരുമിക്കുന്നതിന്റെ ഭാഗമായാണ് സംഗീത ലണ്ടനിൽ നിന്ന് ചെന്നൈയിൽ എത്തിയിരിക്കുന്നത് എന്നായിരുന്നു പ്രചരിച്ചിരുന്നത്.
1954-ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിജയ്ക്കെതിരെ പരസ്ത്രീ ബന്ധവും ക്രൂരതയും ആരോപിച്ചാണ് സംഗീത ഹർജി നൽകിയിരിക്കുന്നത്. ഒരു പ്രമുഖ നടിയുമായി വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ താൻ കണ്ടെത്തിയതായി സംഗീത ഹർജിയിൽ വ്യക്തമാക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് പലതവണ ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് സംഗീത ആരോപിക്കുന്നു. വിജയ് ആ നടിക്കൊപ്പം യാത്രകൾ തുടരുകയും പൊതുപരിപാടികളിൽ ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു. ബന്ധം ആരോപിക്കപ്പെടുന്ന നടി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെച്ചിട്ടും വിജയ് അത് തടയാനോ നിഷേധിക്കാനോ തയ്യാറായില്ല. ഇത് തനിക്കും മക്കൾക്കും വലിയ രീതിയിലുള്ള മാനസിക വിഷമത്തിനും പൊതുസമൂഹത്തിൽ കടുത്ത അപമാനത്തിനും കാരണമായെന്ന് സംഗീത ചൂണ്ടിക്കാണിക്കുന്നു.






