
ഹൂസ്‌റ്റണ്‍: ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനിയോട് 7-1 നു തോറ്റെങ്കിലും കുറസോവ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമാണു കുറസോവ. 158,000 ആണ് കുറസാവോയിലെ ജനസംഖ്യ.
ജര്‍മനിയില്‍ കുറസോവോയേക്കാള്‍ ജനസംഖ്യയുള്ള 52 നഗരങ്ങളുണ്ട്. മാത്രമുളള ജര്‍മനിക്ക് മൂന്നിലധികം കുറസോവകളെ എടുത്തു വയ്‌ക്കാനുള്ള വലുപ്പവുമുണ്ട്‌്. ലോകകപ്പ് യോഗ്യത നേടിയ കുഞ്ഞന്‍ രാജ്യമെന്ന തലയെടുപ്പോടെയാണ് അവര്‍ ആദ്യ മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ 21-ാം മിനിറ്റിലാണ് ചരിത്ര ഗോള്‍ പിറന്നത്. ജര്‍മനി ഒരു ഗോളിനു മുന്നിട്ടു നില്‍ക്കവേ ഒരു തകര്‍പ്പന്‍ പ്രത്യാക്രമണത്തിലൂടെയാണു ഗോളെത്തിയത്. ലീവാനോ കോമെനെന്‍സിയുടെ മുന്നേറ്റം അപ്രതീക്ഷിതമായി. ജര്‍മനിയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിന് ഒരു അവസരവും നല്‍കാതെയാണ് ലീവാനോ ഗോളടിച്ചത്‌്്്.
ഫെലിക്‌സ് നാചെ ആറാം മിനിറ്റില്‍ ജര്‍മനിയെ മുന്നിലെത്തിച്ചിരുന്നു. സമനില ഗോള്‍ ജൂലിയന്‍ നഗല്‍സ്‌മാന്റെ ശിഷ്യന്‍മാരെ വിറളി പിടിപ്പിച്ചു. അവര്‍ കുറസോവ പോസ്‌റ്റില്‍നിന്നു മാറാതെയായി. 38-ാം മിനിറ്റില്‍ നികോ സ്‌കോട്ടബെഗിലൂടെ ജര്‍മനി മുന്നിലെത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി കായ് ഹാവ്‌ററ്റ്‌സ് പട്ടിക മൂന്നാക്കി. രണ്ടാം പകുതി തുടങ്ങി വൈകാതെ ജമാല്‍ മുസിലായയും ഗോളടിച്ചു. 68-ാം മിനിറ്റില്‍ നഥാനിയേല്‍ ബ്രൗണും പിന്നാലെ ഡെനിസ് യുന്‍ഡേയും കുറസോവോ വലയില്‍ പന്തെത്തിച്ചു.
88-ാം മിനിറ്റില്‍ ഹാവ്‌ററ്റ്‌സ് ഒരുവട്ടം കൂടി ഗോളടിച്ചു. ജയത്തോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന രാജ്യമാകാന്‍ ജര്‍മനിക്കായി.
239 ഗോളുകളാണ് ഇതുവരെ ജര്‍മനി അടിച്ചിട്ടത്‌്. 238 ഗോളുകളടിച്ച ബ്രസീലിനെയാണ് അവര്‍ മറികടന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ജര്‍മനി ഒരു അപൂര്‍വ പട്ടികയില്‍ തങ്ങളുടെ പേര് ചേര്‍ത്തു. ഈ നൂറ്റാണ്ടില്‍ അഞ്ച് തവണ മാത്രമാണ് ലോകകപ്പ് മത്സരങ്ങളില്‍ ഏഴ് ഗോളിലധികം വീണത്. അതില്‍ മൂന്നിലും ജര്‍മനിയാണ് എതിരാളികളുടെ വല ഏഴ് തവണ കുലുക്കിയത്. 2002 ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെയായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ ആദ്യ കൂറ്റന്‍ ജയം. അന്ന് ഏകപക്ഷീയമായ എട്ട് ഗോളിനായിരുന്നു ജര്‍മനിയുടെ ജയം. 2014 ലോകകപ്പിലായിരുന്നു ജര്‍മനി വീണ്ടും ഏഴ് ഗോളടിച്ച് ഞെട്ടിച്ചത്. എതിരാളികള്‍ വമ്പന്മാരായ ബ്രസീലായിരുന്നു. 7-1 നായിരുന്നു ജര്‍മന്‍ ജയം. ജര്‍മനിക്ക് പുറമേ സ്‌പെയിനും പോര്‍ചുഗലുമാണ് 2000 ന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളുകളടിച്ചത്.






