
ജയ്പൂർ: തങ്ങളുടെ പ്രസ്ഥാനം നടത്തുന്ന പ്രതിഷേധങ്ങൾ തികച്ചും അക്രമരഹിതമായിരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിരുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ അക്രമം. തിങ്കളാഴ്ച ജയ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതിനിടെ രണ്ട് പേർ ചേർന്ന് അദ്ദേഹത്തെ പലതവണ മുഖത്തടിച്ചു.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാഭ്യാസ രംഗത്തെ മറ്റ് അപാകതകളിലും പ്രതിഷേധിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരാഴ്ചയ്ക്കകം രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി സമാനമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ജൂൺ 6-ന് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ സി.ജെ.പി പ്രഖ്യാപിച്ചിരുന്നു.
ആദ്യം ഒരു പരിഹാസ ഗ്രൂപ്പായി ആരംഭിച്ച സംഘടന, ചോദ്യപ്പേപ്പർ ചോർച്ച, വിദ്യാഭ്യാസ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ തിങ്കളാഴ്ച ജയ്പൂരിലെ ഷഹീദ് സ്മാരകത്തിൽ പ്രകടനം നടത്തിയിരുന്നു. അനുയായികൾ ദിപ്കെയെ തോളിലേറ്റിക്കൊണ്ട് പോകുന്നതിനിടെ, ഒരാൾ അദ്ദേഹത്തിന്റെ കഴുത്തിൽ കിടന്ന തുണിയിൽ പിടിച്ച് താഴേക്ക് വലിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഈയാളും മറ്റൊരു വ്യക്തിയും ചേർന്ന് സി.ജെ.പി സ്ഥാപകനെ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ദിപ്കെയുടെ അനുയായികൾ ഇവരെ തടയുകയും മർദ്ദിക്കുകയും ചെയ്തു.
ശാരീരിക അക്രമങ്ങൾ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. ഇത്തരം നീക്കങ്ങൾ കൊണ്ട് ഞങ്ങളെ തളർത്താനാകില്ല, സമാധാനപരമായ പ്രതിഷേധങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഞാൻ ഗാന്ധിയുടെയും അംബേദ്കറുടെയും അനുയായിയാണ്, സമാധാനത്തിലും സ്നേഹത്തിലും ഊന്നി ഞാൻ ഈ പോരാട്ടം തുടരും എന്ന് ആക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ദിപ്കെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ വിധായക്പുരി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഭവങ്ങളുടെ മുഴുവൻ പശ്ചാത്തലവും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.






