
കണ്ണൂർ: കണ്ണൂരിൽ ഗേറ്റ് കീപ്പർ മദ്യലഹരിയിൽ ഉറങ്ങിപ്പോയത് ട്രെയിൻ നിർത്തിയിടാൻ കാരണമായി. അതേസമയം, ലോക്കോപൈലറ്റിന്റെ ജാഗ്രത കാരണം വൻ ദുരന്തം ഒഴിവായി. കണ്ണൂരിലെ ചിറയ്ക്കൽ റെയിൽവെ ഗേറ്റ് ആണ് ട്രെയിൻ വന്നപ്പോൾ തുറന്നുകിടന്നത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് സംഭവം. മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ പാഞ്ഞടുക്കുമ്പോഴും റെയിൽവേ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. എന്നാൽ, അസ്വാഭാവികത മനസ്സിലാക്കി ലോക്കോപൈലറ്റ് വേഗത കുറച്ച് ട്രെയിൻ നിർത്തി. ട്രെയിൻ നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഇടപെടുകയും ഗേറ്റിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ തടയുകയുമായിരുന്നു. മൂന്ന് മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫ് സ്ഥലത്ത് എത്തി ഗേറ്റ് കീപ്പർക്കെതിരെ കേസെടുത്തു. ഇയാൾ സിഗനൽ ശ്രദ്ധിക്കാതെ മദ്യലഹരിയിൽ സ്വന്തം ക്യാബിനിൽ ഉറക്കത്തിലായിരുന്നു. ഇയാളെ റയിൽവെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.






