
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,100 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,875 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ ഉയർന്നതോടെ സ്വർണവിലയിൽ വർധനവിന്റെ പ്രവണത പ്രകടമായിരുന്നു. മൂന്ന് ദിവസത്തിനിടെ പവന് 4,300 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച 5,000 രൂപയിലേറെ ഇടിഞ്ഞതിന് പിന്നാലെയായിരുന്നു ഈ കുതിപ്പ്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളുമാണ് സമീപ ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചത്. പലിശനിരക്ക് വർധിപ്പിച്ചാൽ സ്വർണവിലയിൽ സമ്മർദമുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ സർവകാല റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23നാണ് സ്വർണവില ആദ്യമായി പവന് ഒരു ലക്ഷം രൂപ കടന്നത്.






