
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപയിലും ഗ്രാമിന് 13,850 രൂപയിലുമാണ് തുടരുന്നത്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടുമ്പോൾ ആഭരണങ്ങളുടെ യഥാർത്ഥ വില ഇതിലും ഉയരും.
കഴിഞ്ഞ ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും ഉയർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയത്. തുടർന്നുള്ള മൂന്ന് ദിവസത്തിനിടെ പവന് 4,300 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച 5,000 രൂപയിലേറെ ഇടിഞ്ഞതിന് പിന്നാലെയാണ് വില വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത്.
ഈ വർഷം ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപയുടെ നാഴികക്കല്ല് പിന്നിട്ടത്.






