
മലയാള സിനിമയിലെ പൗരുഷത്തിന്റെയും ഗാംഭീര്യമാർന്ന ശബ്ദത്തിന്റെയും പ്രതീകമായിരുന്ന നടൻ സുകുമാരന്റെ 29-ാം ചരമ വാർഷികത്തിൽ പ്രണാമം അർപ്പിച്ച് സിനിമാ ലോകവും ആരാധകരും. അച്ഛന്റെ വേർപാടിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മൂത്തമകനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. "29 വർഷങ്ങൾ" എന്ന് മാത്രം കുറിച്ചുകൊണ്ട് അച്ഛന്റെ ഒരു ചിത്രമാണ് ഇന്ദ്രജിത്ത് പങ്കുവെച്ചത്.
മലയാള സിനിമയിൽ തനതായ അഭിനയശൈലി കൊണ്ട് സ്വന്തം മുദ്രപതിപ്പിച്ച നടനായിരുന്നു സുകുമാരൻ. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 'നിർമാല്യം' എന്ന വിഖ്യാത ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് സുരാസു തിരക്കഥയെഴുതിയ 'ശംഖുപുഷ്പം' എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറി.
തുടർന്ന് വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ശാലിനി എന്റെ കൂട്ടുകാരി, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
ഹൃദയാഘാതത്തെ തുടർന്ന് 1997 ജൂൺ 16-നായിരുന്നു സുകുമാരന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. വിടപറയുമ്പോൾ കേവലം 49 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
സുകുമാരൻ എന്ന നടൻ ഓർമ്മയായി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, അദ്ദേഹത്തിന്റെ സിനിമാ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് മലയാള സിനിമയുടെ മുൻനിരയിൽ തിളങ്ങിനിൽക്കുകയാണ്.






