
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി പൂര്‍ണ്ണമായും കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. ഭര്‍ത്താവ് അഖിലിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോള്‍ താമസിക്കുന്നത്.
അടുത്തിടെ അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയിരുന്നു താരം. കേരളത്തിലേക്കുള്ള യാത്രയില്‍ തന്റെ പഴയ സുഹൃത്തുക്കളെയെല്ലാം കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും സംവൃത മറന്നില്ല.
ഇപ്പോഴിതാ പഴയ കൂട്ടുകാരെയെല്ലാം സന്ദര്‍ശിച്ചതിന്റെയും ഒത്തുകൂടലിന്റെയും ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് സംവൃത. ഇന്ദ്രജിത്ത്, പൂര്‍ണിമ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ‘ഫാമിലിയെ പോലെയുള്ള സുഹൃത്തുക്കള്‍ ’എന്നാണ് ചിത്രങ്ങള്‍ക്ക് സംവൃത അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
2012 ലായിരുന്നു എന്‍ജിനീയറായ അഖില്‍ രാജുമായുള്ള സംവൃതയുടെ വിവാഹം. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. അഗസ്ത്യ, രുദ്ര എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. കുട്ടികളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും സംവൃത സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു സംവൃത സുനിലിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെയും ജനപ്രിയ സിനിമകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിന് സാധിച്ചു. വിവാഹശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം, 2019 ല്‍ ബിജു മേനോന്‍ നായകനായ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു.






