
ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡുമായി 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ, ഫിഫയ്ക്കെതിരെ കടുത്ത വിവേചന ആരോപണവുമായി ഇറാന് രംഗത്തെത്തി. കളികഴിഞ്ഞാലുടന് ലോസ് ആഞ്ചലസ് വിടാന്‍ യുഎസ് അധികൃതര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ 'ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന, ഒറ്റപ്പെടുത്തപ്പെടുന്ന ടീം' തങ്ങളുടേതാണെന്ന് മുഖ്യ പരിശീലകന് അമീര്‍ ഘാലെനോയി വിശേഷിപ്പിച്ചു.
ടീമിന്റെ മുന്നൊരുക്കങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന യാത്രാ-ലോഗിസ്റ്റിക്സ് വെല്ലുവിളികളില്‍ ഇറാന് ക്യാപ്റ്റന്‍ മെഹ്ദി താരെമി, മിഡ്ഫീല്‍ഡര്‍സ് മുഹമ്മദ് മൊഹേബി, പരിശീലകന് ഘാലെനോയി എന്നിവര്‍ തങ്ങളുടെ നിരാശ രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിന് ശേഷം കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നതിന് പകരം, മെക്സിക്കോയിലെ ടിജുവാനയിലുള്ള ട്രെയിനിംഗ് ബേസിലേക്ക് ഉടനടി മടങ്ങാന്‍ സ്ക്വാഡിന് നിര്‍ദ്ദേശം ലഭിച്ചതായി കോച്ച് വ്യക്തമാക്കി.
തുടക്കം മുതല്ക്കേ ഇറാന് വലിയ പ്രതിസന്ധികളാണ് നേരിടുന്നതെന്ന് പരിശീലകന് കുറ്റപ്പെടുത്തി. മത്സരത്തിന് രണ്ട് ദിവസം മുമ്പ് ലോസ് ആഞ്ചലസില്‍ എത്താനും, മത്സരം കഴിഞ്ഞ് അന്ന് രാത്രി അവിടെ തങ്ങിയ ശേഷം അടുത്ത ദിവസം മെക്സിക്കോയിലേക്ക് മടങ്ങാനുമായിരുന്നു ടീം ആദ്യം പദ്ധതിയിട്ടിരുന്നത്.
യുഎസിലെ ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം ഇറാന്റെ മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ സങ്കീര്‍ണ്ണമായിരുന്നു. അരിസോണയിലെ ട്യൂസണില്‍ പരിശീലന ക്യാമ്പ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ച് മെക്സിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടിജുവാനയില്‍ ക്യാമ്പ് ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇറാന്റെ സപ്പോര്‍ട്ട് സ്റ്റാഫിലെ പല അംഗങ്ങള്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പ്രവേശിക്കാനുള്ള വിസ നിഷേധിക്കപ്പെട്ടതോടെ ആ ആശങ്കകള്‍ ശരിവെക്കപ്പെടുകയും ചെയ്തു.
ഇതിന്റെ ഫലമായി മീഡിയ ഓഫീസര്‍മാര്‍, അനലിസ്റ്റുകള്‍, ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് എന്നിവരുള്‍പ്പെടെ പ്രധാന സപ്പോര്‍ട്ട് സ്റ്റാഫുകളില്ലാതെയാണ് ഇറാന് ലോസ് ആഞ്ചലസില്‍ എത്തിയത്.
തുടര്‍ച്ചയായ യാത്രകളും അനിശ്ചിതാവസ്ഥയും മത്സരങ്ങള്‍ക്കായി കൃത്യമായി തയ്യാറെടുക്കാനുള്ള ടീമിന്റെ ശേഷിയെ ബാധിക്കുന്നുണ്ടെന്ന് ക്യാപ്റ്റന്‍ മെഹ്ദി താരെമി പറഞ്ഞു. സാധാരണ ഗതിയില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം എടുക്കേണ്ട ടിജുവാനയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്കുള്ള യാത്ര, ഇമിഗ്രേഷന്‍ നടപടികളിലെ താമസം കാരണം ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടതായി അദ്ദേഹം വെളിപ്പെടുത്തി.
തിങ്കളാഴ്ചത്തെ മത്സരത്തിന് ശേഷം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഡ്രെസ്സിംഗ് റൂമില്‍ എത്തി ടീം അംഗങ്ങളെ കണ്ടതായി ഇറാന് ക്യാപ്റ്റന്‍ മെഹ്ദി താരെമി പറഞ്ഞു. ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജിനും സപ്പോര്‍ട്ട് സ്റ്റാഫിലെ പല അംഗങ്ങള്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വരാന്‍ കഴിയാത്തതില്‍ താരെമിയും ഘാലെനോയിയും നിരാശ പ്രകടിപ്പിച്ചു.
ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകള്‍ക്ക് അടുത്ത മത്സരത്തിനായി തയ്യാറെടുക്കാനും വിശ്രമിക്കാനും ഏറ്റവും മികച്ച സാഹചര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന് സട്രൈക്കറായ താരെമി വാദിച്ചു. 'ലോകകപ്പില്‍, അടുത്ത മത്സരത്തിനായി നിങ്ങള്‍ കൃത്യമായി തയ്യാറെടുക്കേണ്ടതുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ആ പിന്തുണ ലഭിക്കുന്നില്ല, ഫിഫ ഞങ്ങളെ കൂടുതല്‍ സഹായിക്കണം.' അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായുള്ള ഈ യാത്രാ ഷെഡ്യൂള്‍ കളിക്കാരുടെ ക്ഷീണം വര്‍ദ്ധിപ്പിക്കുമെന്നും പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുമെന്നും ഫോര്‍വേഡ് മുഹമ്മദ് മൊഹേബിയും മുന്നറിയിപ്പ് നല്കി.
ഫിഫയ്ക്കും ടൂര്‍ണമെന്റ് സംഘാടകര്‍ക്കും എതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും, അയല്‍രാജ്യമായ മെക്സിക്കോയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച സ്വീകരണത്തെ ഇറാന് പ്രശംസിച്ചു. അതിര്‍ത്തിക്കപ്പുറമുള്ള താമസത്തിനിടയില്‍ ടീമിന് മികച്ച പരിഗണന നല്‍കിയതിന് മെക്സിക്കന്‍ സര്‍ക്കാരിനും ടിജുവാനയിലെ ജനങ്ങള്‍ക്കും കോച്ച് ഘാലെനോയി നന്ദി അറിയിച്ചു.
മത്സരത്തില്‍ രണ്ടുതവണ പിന്നിലായ ശേഷമാണ് ന്യൂസിലന്‍ഡിനെതിരെ 2-2 ന്റെ സമനില പിടിക്കാന്‍ ഇറാന് കഴിഞ്ഞത്. കളത്തിന് പുറത്തെ ഇത്തരം വെല്ലുവിളികള്‍ക്കിടയിലും തങ്ങളുടെ ലോകകപ്പ് കാമ്പെയ്ന് തുടരുന്ന ഇറാന്, ഗ്രൂപ്പ് ജി-യിലെ അടുത്ത മത്സരത്തിനായി വീണ്ടും യാത്ര ചെയ്യേണ്ടി വരും.






