
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ബാലന്‍ ദി ബോയ്' . ജൂണ്‍ 19ന് വെളളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സിനിമയാണ് ബാലന്‍ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
' കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സിനിമയാണ് ബാലന്‍. ഒരു സിനിമ സംഭവിക്കുന്നതാണ്. ഉഗ്രന്‍ സിനിമ എടുത്തു കളയാമെന്ന് കരുതി സിനിമ എടുക്കാന്‍ പറ്റില്ല. ചിദംബരം ആണ് ഈ ഷിപ്പിന്റെ ക്യാപ്റ്റന്‍. പക്ഷേ സിനിമയുടെ ഭാഗമായ എല്ലാവരും തങ്ങളുടേതായ സംഭാവനങ്ങള്‍ വളരെ മികച്ച രീതിയില്‍ തന്നെ സിനിമയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ട്. മലയാള സിനിമയിലെ മികച്ചൊരു സിനിമകളില്‍ ഒന്ന് എന്ന് ബാലന്‍ എന്നും ഓര്‍മിക്കപ്പെടും. അതെന്റെ ഗ്യാരന്റിയാണ്', എന്നായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍. ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.
കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു ബാലന്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്. പുതുമുഖം ഫര്‍സാന പാലത്തിങ്കലാണ് നായിക. ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് മറ്റ് പ്രധാന വേകങ്ങളില്‍ എത്തുന്നത്.






