
ശരീരത്തിൽ ഫാഷന്റെ ഭാഗമായി മാത്രം ടാറ്റൂ ചെയ്യുന്ന ഈ കാലത്ത്, തികച്ചും വ്യത്യസ്തവും മാതൃകാപരവുമായ ഒരു മുൻകരുതലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി വീണ നായർ. തനിക്ക് കടുത്ത മരുന്ന് അലർജി ഉണ്ടെന്ന കാര്യം അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് എളുപ്പം തിരിച്ചറിയാനായി താരം കയ്യിൽ പ്രത്യേക ടാറ്റൂ പതിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ വേറിട്ട ബോധവൽക്കരണം ആരാധകരുമായി പങ്കുവെച്ചത്.
താൻ അടിക്കടി തനിച്ച് യാത്ര ചെയ്യുന്ന വ്യക്തിയാണെന്നും, അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുത്തതെന്നും വീണ വ്യക്തമാക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ ബോധരഹിതയായാൽ പോലും ഡോക്ടർമാർക്കോ രക്ഷാപ്രവർത്തകർക്കോ പെട്ടെന്ന് കണ്ട് മനസ്സിലാക്കാൻ പാകത്തിലാണ് കയ്യിൽ 'Medicine Allergy' എന്ന് താരം ടാറ്റൂ ചെയ്തിരിക്കുന്നത്.
‘ഞാൻ 'Medicine Allergy' എന്ന ടാറ്റൂ ആണ് അടിച്ചിരിക്കുന്നത്. കാരണം, ഞാൻ മരുന്ന് അലർജി ഉള്ള ഒരാളാണ്. കൂടാതെ ഞാൻ തനിച്ച് യാത്ര ചെയ്യുന്ന വ്യക്തിയുമാണ്. മനുഷ്യരുടെ കാര്യമല്ലേ, അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എവിടെയെങ്കിലും വെച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാന്‍ പറ്റില്ല. എനിക്ക് അറിയാവുന്ന മരുന്നിന്റെ പേരൊക്കെ ഞാന്‍ പറയാം.
ഇത് കാണുമ്പോള്‍ ആരാണെങ്കിലും ഏതു രാജ്യത്താണെങ്കിലും അവര്‍ അലേര്‍ട്ട് ആകും. അപ്പോ അവര്‍ ടെസ്റ്റ് എടുത്തിട്ടേ എനിക്ക് ഇന്‍ജെക്ഷന്‍ ചെയ്യുകയുളളൂ. നമ്മള്‍ അവിടെയും ഇവിടെയുമൊക്കെ ടാറ്റൂ അടിക്കുന്നുണ്ട്. അങ്ങനെയുളളവര്‍ ഇങ്ങനെ ഒരു ടാറ്റു അടിച്ചാല്‍ നന്നായിരിക്കും. അപ്പോ ഇതുപോലെ മെഡിസിന്‍ അലര്‍ജി ഉളള ആളുകള്‍ ഉണ്ടെങ്കില്‍ കമന്റ് ചെയ്യൂ’ വീണയുടെ വാക്കുകള്‍.
വെറുമൊരു ഫാഷൻ എന്നതിനപ്പുറം, അപകടസമയങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന വീണയുടെ ഈ വേറിട്ട ചിന്തയ്ക്കും ബോധവൽക്കരണത്തിനും സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വലിയ പ്രശംസയാണ് ആരാധകർ നൽകുന്നത്.






