
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും സർക്കാരിന്റെ ഇരട്ടത്താപ്പിനെയും രൂക്ഷമായി വിമർശിച്ച് മുൻ വ്യവസായ മന്ത്രി പി. രാജീവ്. നിയമനത്തിൽ പൂർണമായും ചട്ടവിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്നും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അഡ്വക്കറ്റ് ജനറൽ നൽകുന്ന ഔദ്യോഗിക പാനലിൽ നിന്നു മാത്രമേ ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം നടത്താൻ പാടുള്ളൂവെന്നാണ് നിയമമെന്ന് പി. രാജീവ് പറഞ്ഞു. എന്നാൽ ഈ കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ചാണ് നിയമനം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
"പലരും ഞങ്ങൾക്ക് പേര് നൽകിയിരുന്നു" എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ തന്നെ നിയമനത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നുവെന്നും പി. രാജീവ് പറഞ്ഞു. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ രാജി വെപ്പിച്ചതെന്നും അതുകൊണ്ട് തന്നെ രാജി കൊണ്ട് മാത്രം ഈ വിവാദം അവസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






