
താന്‍ നേരിടുന്ന വേദനാജനകമായ ആരോഗ്യപ്രശ്‌നം വെളിപ്പെടുത്തി ഗായകന്‍ സോനു നിഗം. പിഞ്ച്ഡ് നെർവ്സ് എന്ന അവസ്ഥയാണ് സോനു നിഗത്തെ അലട്ടുന്നത്. മുംബൈയില്‍ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. വേദനയും അസ്വസ്ഥതകളും ഉണ്ടെങ്കിലും നിശ്ചയിച്ച പ്രകാരം സംഗീതപരിപാടി നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ഗായകന്‍.
ബുധനാഴ്ചയാണ് സോനു നിഗം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച മുതല്‍ മെഡിക്കൽ പരിശോധനകളും ചികിത്സയും നടത്തിവരികയാണെന്ന് അദ്ദേഹം പറയുന്നു. ഒരാഴ്ചയായി എം.ആർ.ഐ , സിടി സ്‌കാനുകള്‍ ചെയ്യുന്നു. ധാരാളം മരുന്നുകള്‍ കഴിക്കുന്നുണ്ട്. വേദന നിയന്ത്രിക്കാനാകുന്നില്ല. ഫിസിയോതെറാപ്പി സെഷനുകള്‍ വളരെ വേദനാജനകമാണ്. വേദന കുറയ്ക്കുന്നതിനായി ശക്തമായ വേദനസംഹാരികള്‍ ഉപയോഗിക്കുന്നുണ്ട്.
മരുന്നുകളുടെ ഉപയോഗം മൂലം തൊണ്ടയ്ക്ക് ഒരുതരം ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നുണ്ടെന്നും സോനു പറഞ്ഞു. ആരോഗ്യപരമായ തിരിച്ചടികള്‍ ഉണ്ടെങ്കിലും ജൂണ്‍ 27 ന് മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ നടക്കാനിരിക്കുന്ന ലൈവ് ഷോ റദ്ദാക്കാന്‍ തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെക്കാലത്തിന് ശേഷമാണ് ഒരു ലൈവ് പ്രോഗ്രാം അവതരിപ്പിക്കുന്നത് എന്നതിനാല്‍ തന്റെ ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം.
താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു സംസാരിച്ചതിലൂടെ ആരാധകരുടെ വലിയ പിന്തുണയാണ് സോനു നിഗത്തിന് ലഭിക്കുന്നത്. കഠിനമായ വേദനയ്ക്കിടയിലും അദ്ദേഹത്തിന്റെ സമര്‍പ്പണം ഏറെ പ്രശംസനീയമാണെന്നാണ് ആരാധകര്‍ പറയുന്നത്.






