
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെയും സോഷ്യല്‍ മീഡിയയെയും ഒരുപോലെ ഇളക്കിമറിച്ച നൃത്തച്ചുവടുകളായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 'ജയിലര്‍' എന്ന ചിത്രത്തിലെ 'കാവാലാ' എന്ന ഗാനത്തിലേത്. എന്നാല്‍, ആഗോളതലത്തില്‍ തരംഗമായി മാറിയ ഈ ഗാനത്തിലെ തന്റെ പ്രകടനത്തില്‍ തനിക്ക് പൂര്‍ണ്ണ തൃപ്തിയുണ്ടായിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി തമന്ന ഭാട്ടിയ.
പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ യൂട്യൂബ് വ്‌ലോഗിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ രസകരമായ വെളിപ്പെടുത്തല്‍ നടത്തിയത്. മുംബൈയിലെ തമന്നയുടെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
"കാവാലാ ഷൂട്ടിംഗ് സമയത്ത് എനിക്ക് ചെറിയ രീതിയിൽ അസംതൃപ്തി തോന്നിയിരുന്നു. കാരണം, എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് ഞാൻ കരുതി," തമന്ന പറഞ്ഞു. എന്നാൽ, "എപ്പോഴും താൻ ചെയ്തത് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുന്ന തരത്തിലുള്ള ആളാണ് നീ" എന്നായിരുന്നു ഇതിനോട് പ്രതികരിച്ചുകൊണ്ട് ഫറാ ഖാന്‍ പറഞ്ഞത്.
" പക്ഷേ,'ആജ് കി രാത്' എന്ന ഗാനത്തിനായി ഞാന്‍ 15 ദിവസത്തോളം പരിശീലിച്ചു. ആ സമയം അതിനായി ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ ശാസ്ത്രീയമായി നൃത്തം പഠിച്ച ഒരാളല്ല. ക്യാമറയ്ക്ക് മുന്നില്‍ വരുന്നതിന് മുന്‍പ് കുറേ തവണ റിഹേഴ്‌സല്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. പ്രാക്ടീസ് ചെയ്യാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്," തമന്ന കൂട്ടിച്ചേര്‍ത്തു.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ 'കാവാലാ' എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയത് അരുണ്‍രാജ കാമരാജാണ്. ശില്‍പ റാവു ആണ് ഈ ഗാനം ആലപിച്ചത്.
‘വൺ- ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ്' എന്ന ചിത്രമാണ് തമന്നയുടെ പുതിയ പ്രൊജക്ട്. സിദ്ധാർഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകൻ. അതേസമയം നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ജയിലർ 2 അണിയറയിൽ പുരോഗമിക്കുകയാണ്.






