
കോട്ടയം: ദക്ഷിണ സുഡാനിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ എത്തിയ സ്ത്രീക്ക് എബോളയെന്ന് സംശയം. നിലവിൽ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ ബുധനാഴ്ച പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തിയതായിരുന്നു. എബോള ബാധിത പ്രദേശത്തു നിന്ന് വന്നതിനാൽ 52 കാരിയായ സ്ത്രീയെ ആരോഗ്യവകുപ്പ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇപ്പോൾ ഇവർ മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. എന്നാൽ, സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവർക്കില്ല. പനിയിൽ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാമ്പിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്നും തുടർചികിത്സ ഉൾപ്പെടെ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
എബോള വൈറസ് ബാധിച്ചാൽ രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ, സാധാരണയായി 8-10 ദിവസങ്ങൾക്കുള്ളിൽ, ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഫ്ലൂ പോലുള്ള ലക്ഷണങ്ങളോടെ തുടങ്ങി, ക്രമേണ ഗുരുതരമായ അവസ്ഥയിലേക്ക് ഇവ പുരോഗമിക്കുന്നു. പെട്ടെന്നുള്ള കടുത്ത പനി കഠിനമായ തലവേദന പേശികളിലും സന്ധികളിലും വേദന തൊണ്ടവേദനയും വിറയലുംകടുത്ത ക്ഷീണവും തളർച്ചയും തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ.






