
കോറിയ (ഛത്തീസ്ഗഢ്): മണൽക്കടത്ത് തർക്കം ഒരു ജനതയെയാകെ നടുക്കിയ ക്രൂരമായ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചു. ബിജെപി നേതാവും മുൻ ജൻപദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്) അടക്കം മൂന്ന് പേരെ ഫോർച്യൂണർ എസ്‌യുവി കാറിനുള്ളിൽ ജീവനോടെ കത്തിച്ചു. കോറിയ ജില്ലയിലെ സോൻഹത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നൗഗെയ്ൻ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സിനിമാ കഥകളെ വെല്ലുന്ന ഈ അരുംകൊല അരങ്ങേറിയത്.
സംഭവത്തിൽ അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരടക്കം നാല് പ്രധാന പ്രതികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് അക്രമികൾക്കായി തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെ മണൽ ക്വാറി കരാറുമായി ബന്ധപ്പെട്ട് ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി കടുത്ത ശത്രുതയിലായിരുന്നു. മണൽ കൊണ്ടുപോകുന്ന ലോറികളുടെ നിയന്ത്രണത്തെച്ചൊല്ലിയും അനധികൃത പണപ്പിരിവിനെച്ചൊല്ലിയുമായിരുന്നു തർക്കം.
ചൊവ്വാഴ്ച രാത്രി തർക്കം ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് ഭരത് സിംഗ് സംഭവസ്ഥലത്തേക്ക് പോയത്. എന്നാൽ, അവിടെ തനിക്കായി കാത്തിരുന്നത് കൃത്യമായി ആസൂത്രണം ചെയ്ത ഒരു മരണക്കെണിയാണെന്ന് ആ നേതാവ് അറിഞ്ഞിരുന്നില്ല. അർദ്ധരാത്രിയോടെ ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന ഫോർച്യൂണർ കാർ അക്രമികൾ വളഞ്ഞു. രക്ഷപ്പെടാൻ ഒരടി പോലും വഴിയില്ലാത്ത വിധം കാറിന്റെ മുന്നിലും പിന്നിലും വലിയ ടിപ്പർ ലോറികൾ നിർത്തി അവർ പാത തടഞ്ഞു. നിമിഷങ്ങൾക്കകം കാറിന് മുകളിലേക്ക് പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.
ആളിക്കത്തിയ തീയിൽ നിന്നും പുറത്തിറങ്ങാനാകാതെ ഭരത് സിംഗ് കാറിനുള്ളിൽ കിടന്ന് വെന്തുമരിച്ചു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഭരത് സിംഗിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. തലയ്ക്കും മുഖത്തിനും മാരകമായി പരിക്കേറ്റ മയങ്ക് സിംഗ് എന്നയാൾ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കൊല്ലപ്പെട്ട ഭരത് സിംഗിന്റെ വിഭാഗവും ത്രിപാഠി കുടുംബവും തമ്മിൽ മുൻപും നിരവധി തവണ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി സോൻഹത് എസ്.എച്ച്.ഒ വിനോദ് പാസ്വാൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കടുത്ത പ്രതികരണവുമായി രംഗത്തെത്തി. വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുറ്റവാളികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






