
കൊല്ലം: ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് 7 പേര്‍ ചികിത്സയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.






