
നടി ഖുശ്ബുവിന്റയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മകള്‍ അനന്ദിത സുന്ദര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധനേടുന്നത്.സോഷ്യൽ മീഡിയയിൽ തന്നെ അധിക്ഷേപിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 'ട്രാൻസ് വ്യക്തി' എന്ന വാക്കാണെന്നും, എന്നാൽ അത് തനിക്കൊരു അധിക്ഷേപമായി തോന്നുന്നില്ലെന്നും അനന്ദിത ഒരു അഭിമുഖത്തിൽ പറഞ്ഞു. തന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയയുള്ള മനുഷ്യരാണ് ട്രാൻസ് വിഭാഗത്തിലുള്ളവരെന്നും അനന്ദിത കൂട്ടിച്ചേർത്തു. മകളുടെ ഈ ശക്തമായ നിലപാടിനെ പ്രശംസിച്ച് നടി ഖുശ്ബുവും രംഗത്തെത്തിയിട്ടുണ്ട്.
ഒരു യൂട്യൂബ് അഭിമുഖത്തിലാണ് അനന്ദിത തന്റെ നിലപാട് വ്യക്തമാക്കിയത്. "ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ നല്ല സ്വഭാവമുള്ളവരാണെന്ന് ഞാൻ കരുതുന്നു. ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയതിൽവെച്ച് ഏറ്റവും ദയയുള്ള മനുഷ്യർ ട്രാൻസ് വിഭാഗത്തിൽ നിന്നുമുള്ളവരാണ്. എന്നാൽ ഇൻസ്റ്റഗ്രാം തുറന്നാൽ എന്നെ അധിക്ഷേപിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 'ട്രാൻസ് വ്യക്തിയെപ്പോലെയാണ്' എന്ന വാക്കാണ്. ഇതെന്നെ സങ്കടപ്പെടുത്താൻ വേണ്ടി മാത്രമല്ല അവർ ചെയ്യുന്നത്, ഇതിലൂടെ അവരുടെ ഹോമോഫോബിയയും വിവരമില്ലായ്മയുമാണ് പുറത്തുവരുന്നത്," അനന്ദിത പറഞ്ഞു.
ട്രാൻസ് വ്യക്തി എന്ന് വിളിക്കുന്നത് അധിക്ഷേപമല്ലെന്നും അനന്ദിത വ്യക്തമാക്കി. "ഞാൻ ഒരു സ്ത്രീയാണ്. പരമാവധി ദയയോടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ നിയന്ത്രിക്കാൻ എനിക്കാവില്ല. ഞാൻ ഒരു ചിത്രം പങ്കുവെച്ചാൽ അതിനു താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും ഞാൻ എത്രത്തോളം വിരൂപയാണെന്ന് പറയുന്നവയാണ്. എന്നാൽ ഇപ്പോൾ ഞാൻ അതിനെയെല്ലാം പ്രതിരോധിക്കാൻ പഠിച്ചു," അനന്ദിത കൂട്ടിച്ചേർത്തു.
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ മകളെ പ്രശംസിച്ച് ഖുശ്ബു രംഗത്തെത്തി. അനന്ദിതയുടെ അഭിമുഖം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചായിരുന്നു ഈ പ്രശംസ. "നിന്നെയോർത്ത് ഏറെ അഭിമാനിക്കുന്നു എന്റെ ബൊമ്മൈ" എന്നാണ് ഖുശ്ബു കുറിച്ചത്.






