
തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും ജനങ്ങളുടെ പ്രതീക്ഷകളും ഒരേപോലെ കാത്തുസൂക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ധനമന്ത്രിയെ കാത്തിരിക്കുന്നത്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത്, ജനുവരി 29 ന് അന്നത്തെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ആകെ വരുമാനമായി കണക്കാക്കിയിരുന്നത് 1.84 ലക്ഷം കോടി രൂപയും ചെലവ് 2.39 ലക്ഷം കോടിയുമായിരുന്നു. വരവുംചെലവും തമ്മില്‍ 55,419 കോടിയുടെ വ്യത്യാസമുള്ളതിനാല്‍ അത്രയും തുക റിസര്‍വ് ബാങ്ക് വഴി പൊതുവിപണിയില്‍നിന്നു കടമെടുക്കാമെന്നും കണക്കുകൂട്ടി. ശമ്പളവും പെന്‍ഷനും പലിശയും മറ്റു ഭരണച്ചെലവും ബജറ്റില്‍ ലക്ഷ്യമിട്ടതു പോലെ നടക്കും.
പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റായതിനാല്‍ വലിയ തോതിലുള്ള ജനകീയ കരുതലും പ്രഖ്യാപനങ്ങളും ഇതിലുണ്ടാകുമെന്നാണ് പരക്കെയുള്ള പ്രതീക്ഷ. യുവജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലായിരിക്കും സര്‍ക്കാര്‍ മുന്നോട്ട് പോവുകയെന്നാണ് സൂചനകള്‍.
സാമൂഹിക ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്ക് വലിയ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ജനകീയ ബജറ്റായിരിക്കുമെന്നാണ് സൂചന.






