
ഇസ്‌ലാമാബാദ്: ആഭ്യന്തര കലഹങ്ങളും രൂക്ഷമായ ജലക്ഷാമവും നേരിടുന്നതിനിടെ ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്ത്. സിന്ധുനദീജലക്കരാർ നിർത്തിവെക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്താന്റെ ഈ പ്രകോപനം.
ശനിയാഴ്ച ഒരു പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. "നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് തോന്നുന്ന നിമിഷം നമ്മൾ ഇന്ത്യക്കെതിരെ യുദ്ധത്തിന് പുറപ്പെടും. ജലം എന്നത് നമ്മുടെ ദേശീയ സുരക്ഷയുടെ ഭാഗമാണ്. അതിൽ യാതൊരു സംശയവുമില്ല." എന്നായിരുന്നു ഖ്വാജ ആസിഫ് പറഞ്ഞത്. ജലവിതരണം തടസ്സപ്പെടുത്താൻ ഇന്ത്യ ദ്രുതഗതിയിൽ നീങ്ങുന്നു എന്നതിന് തെളിവ് ലഭിച്ചാൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും പാക് മന്ത്രി പറഞ്ഞു. ഇന്ത്യ 'വെള്ളത്തെ ആയുധമാക്കുകയാണെന്നും' ചെനാബ് നദിയിലെ ജലപ്രവാഹത്തിൽ വ്യതിയാനം വരുത്തുന്നുവെന്നും ഖ്വാജ സിഫ് ആരോപിച്ചുവെങ്കിലും കഴിഞ്ഞ ഒരു വർഷത്തെ കൃത്യമായ വിവരങ്ങൾ തന്റെ പക്കലില്ലെന്ന് സമ്മതിച്ചു.
2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യ 1960-ൽ ഒപ്പുവെച്ച സിന്ധുനദി ജലക്കരാറിൽ നിന്ന് പിൻമാറിയത്. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ പൂർണ്ണമായും അവസാനിപ്പിക്കാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ലോകബാങ്കിന്റെ മധ്യസ്ഥതയിലുണ്ടായ ഈ കരാർ പ്രകാരം സിന്ധു നദീതടത്തിലെ 80 ശതമാനം വെള്ളവും പാകിസ്താനാണ് ലഭിക്കേണ്ടത്. എന്നാൽ ഇത് കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ പാക് ഭരണകൂടം പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പാകിസ്താനിലെ ആഭ്യന്തര വിദഗ്ധരുടെ അഭിപ്രായത്തിൽ പാകിസ്താൻ നേരിടുന്ന കടുത്ത ജലക്ഷാമത്തിന് കാരണം ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചകളും അശാസ്ത്രീയമായ ജലമാനേജ്മെന്റുമാണ്. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും, പ്രത്യേകിച്ച് സിന്ധ്, ബലൂചിസ്താൻ പ്രവിശ്യകളെയാണ് ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.
സിന്ധ് ജലസേചന വകുപ്പിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം പാകിസ്താനിലെ പ്രധാന കനാലുകളായ നോർത്ത് വെസ്റ്റ് കനാലിൽ 64.1 ശതമാനവും, ദാദു കനാലിൽ 82 ശതമാനവും, റൈസ് കനാലിൽ 38 ശതമാനവും ജലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്റെ കൃഷിയിടങ്ങളുടെ ജീവനാഡിയായ സുക്കൂർ ബാരേജിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നുകൊണ്ടിരിക്കുകയാണ്. പ്രവിശ്യകൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിയാത്തത് രാജ്യത്ത് വലിയൊരു സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് പ്രാദേശിക നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനാണ് പാക് മന്ത്രി ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.






