
ഖത്തറിലെ പ്രകൃതിവാതക ഹബ്ബിലുണ്ടായ സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദക രാജ്യങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ ഈ സ്‌ഫോടനം ആഗോള ഊര്‍ജ്ജ വിപണിയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമായേക്കാം.
ഖത്തര്‍ എനര്‍ജിയുടെ കീഴിലുള്ള 'ബര്‍സാന്‍' ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്‌ഫോടനവും തുടര്‍ന്ന് തീപിടുത്തവുമുണ്ടായത്. യുദ്ധത്തിനിടെ ഇറാന്‍ ബോംബാക്രമണം നടത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി ടെര്‍മിനലിന്റെ പ്രവര്‍ത്തനം തൊഴിലാളികള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഞായറാഴ്ച രാത്രി സ്‌ഫോടനമുണ്ടായത്.
ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഖത്തറിന് കയറ്റുമതി നടത്താന്‍ സാധിക്കാതെ വന്നതോടെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇതോടെയാണ് കയറ്റുമതി ടെര്‍മിനല്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ ഖത്തര്‍ ആരംഭിച്ചത്. ഈ ജോലികള്‍ക്കിടയിലാണ് സ്‌ഫോടനം സംഭവിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല.
തുടക്കത്തില്‍ കുറച്ചുപേര്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും, മണിക്കൂറുകള്‍ക്ക് ശേഷം ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് പരിക്കേറ്റവരുടെയും കാണാതായവരുടെയും ഉയര്‍ന്ന എണ്ണം വ്യക്തമാക്കിയത്.






