
ദോഹ: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്ക്അറിവിന്റെയും ചിന്തയുടെയും പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട് വായനദിനത്തിന്റെ നിറവിൽ
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ജനകീയ സാംസ്കാരിക കേന്ദ്രമായ ഫ്രണ്ട്സ് കൾച്ചറൽ സെന്ററി (എഫ്.സി.സി)ന്റെ നവീകരിച്ച ലൈബ്രറി നാളെ (ശനിയാഴ്ച ) വൈകുന്നേരം ഉത്ഘാടനം ചെയ്യും.
സർഗ്ഗാത്മക ചിന്തകൾക്കും വായനാസംസ്കാരത്തിനും പുതിയ ദിശാബോധം പകർന്ന എഫ് സി സി ലൈബ്രറി ഹ്രസ്വമായൊരു ഇടവേളയ്ക്ക് ശേഷമാണ് കൂടുതൽ സൗകര്യങ്ങളോടെ പുനഃക്രമീകരിച്ചിരിക്കുന്നത്. 'മോശം ലൈബ്രറികൾ പുസ്തകങ്ങൾ ശേഖരിക്കുമ്പോൾ നല്ല ലൈബ്രറികൾ മികച്ച സേവനം നൽകുന്നു; എന്നാൽ മഹത്തായ ലൈബ്രറികൾ ഒരു മികച്ച സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്' എന്ന പ്രശസ്ത എഴുത്തുകാരൻ ഡേവിഡ് ലങ്കെസിന്റെ വചനങ്ങളെ അന്വർത്ഥമാക്കുന്ന രീതിയിലാണ് ലൈബ്രറി രൂപകൽപ്പന ചെയ്തിരിക്കുന്നത്.പുതിയ തലമുറയുടെ അഭിരുചികൾക്കും വായനാഭിമുഖ്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് സമദർശിത്വമുള്ള വിദഗ്ധ സമിതിയാണ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ തിരഞ്ഞടുത്തിരിക്കുന്നത്.വിശ്വ സാഹിത്യ കൃതികൾ, മലയാളത്തിലെയും ഇതര ഭാഷകളിലെയും പ്രമുഖരുടെ ജീവചരിത്രങ്ങൾ, നോവലുകൾ, കഥാ-കവിതാ സമാഹാരങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യം, ശാസ്ത്രപുസ്തകങ്ങൾ എന്നിവയുൾപ്പെടെ ആറായിരത്തിലധികം പുസ്തകങ്ങളുടെ അമൂല്യശേഖരമാണ് ലൈബ്രറിയുടെ ഷെൽഫിൽ വായനക്കാരെ കാത്തിരിക്കുന്നത്.
എഫ്.സി.സി വായനക്കൂട്ടത്തിന്റെ സജീവാംഗങ്ങളായ രജനി, സിമി, നൗഫീറ ഹുസൈൻ, റുമൈസ, റൂബി, കവി തൻസീം കുറ്റ്യാടി, റഫീഖ് മെച്ചേരി, സുനിൽ പെരുമ്പാവൂർ എന്നിവരുടെ നേതൃത്വത്തിലാണ് മാസങ്ങളായുള്ള തയ്യാറെടുപ്പുകളിലൂടെ മികച്ച പുസ്തകങ്ങൾ തിരഞ്ഞെടുത്ത്
അവ ക്രമീകരിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്. നവീകരിച്ച ലൈബ്രറി സജീവമാകുന്നതോടെ എഫ്.സി.സി വായനക്കൂട്ടത്തിന്റെ പ്രതിമാസ സാഹിത്യ ചർച്ചയായ 'സാഹിത്യസല്ലാപം' വീണ്ടും പുനരാരംഭിക്കും. കഴിഞ്ഞ ദിവസം മുതിർന്ന മാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപ്പറ്റയുടെ പ്രവാസ അനുഭവങ്ങളുടെ അക്ഷരാവിഷ്ക്കാരമായ 'ദോഹയിൽ നടന്നു തീർത്ത വഴികൾ' എന്ന പുസ്തകത്തെക്കുറിച്ചുള്ള സജീവമായ ചർച്ചയും ഇതിനോടനുബന്ധിച്ച് നടന്നിരുന്നു.
എഫ്.സി.സി. മുൻകാലങ്ങളിൽ സംഘടിപ്പിച്ച 'ഖത്തർ കേരളീയം', 'അക്ഷരപ്രവാസം' തുടങ്ങിയ പരിപാടികളിൽ കെ. സച്ചിദാനന്ദൻ, കെ.ആർ. മീര, പെരുമ്പടവം ശ്രീധരൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉൾപ്പെടെയുള്ള പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുത്തിട്ടുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രവാസികൾക്ക് ഒത്തുചേരാനും സംവദിക്കാനുമുള്ള ഒരു തുറന്ന വേദിയായി എഫ് സി സി ലൈബ്രറി കൂടുതൽ സജീവമാകുകയാണ്. ന്യൂസലാത്തയിൽ പ്രവർത്തിക്കുന്ന എഫ്.സി.സി ആസ്ഥാനത്ത് നാളെ വൈകുന്നേരം 7 മണിക്ക് നടക്കുന്നഉത്ഘാടനചടങ്ങിൽ എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷത വഹിക്കും.അറിവന്വേഷണങ്ങളെയും വായനകളെയും സമ്പന്നമാക്കാനും പ്രവാസികളിൽ ചിന്തയുടെയും ഭാവനയുടെയും പുതിയ വാതായനങ്ങൾ തുറക്കാനും ഈ ലൈബ്രറിക്ക് സാധിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. വായനയെയും എഴുത്തിനെയും നെഞ്ചേറ്റുന്ന ദോഹയിലെ മുഴുവൻ പുസ്തകപ്രേമികളെയും ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 66572518 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഷഫീക്ക് അറയ്ക്കൽ






.webp&w=256&q=75)