
ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 18 പേരെ കാണാതായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 54 ആയി ഉയർന്നതായും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
ബർസാൻ ഗ്യാസ് പ്ലാന്റിലെ പ്രവർത്തനങ്ങൾ ആരംഭിച്ച് പ്രാരംഭ ഘട്ടത്തിലായിരുന്നപ്പോഴാണ് അപകടത്തിന് കാരണമായ സ്ഫോടനം ഉണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തവുമുണ്ടായി. ഉടനടി രംഗത്തിറങ്ങിയ അടിയന്തര വിഭാഗം (Emergency Response Teams) കഠിനശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അടിയന്തര തിരച്ചിൽ തുടരുന്നു.
കാണാതായ 18 പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ആഭ്യന്തര സുരക്ഷാ സേനയുടെ (ലഖ്‌വിയ) കീഴിലുള്ള 'ഖത്തരി ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ്', സിവിൽ ഡിഫൻസ് ടീമുകളുമായി സംയുക്തമായാണ് നിലവിൽ ദുരന്തബാധിത പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. അപകടത്തിന്റെ കാരണത്തെക്കുറിച്ചോ പരിക്കേറ്റവരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഖത്തർ എനർജിയോ ആഭ്യന്തര മന്ത്രാലയമോ നിലവിൽ പുറത്തുവിട്ടിട്ടില്ല.
ഷഫീക്ക് അറയ്ക്കൽ





.webp&w=256&q=75)
