
മനോഹരമായ ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന, ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പൈതൃക ഹോംസ്റ്റേ കുറച്ച് വിനോദസഞ്ചാരികള്‍ ചേര്‍ന്ന് പൂര്‍ണ്ണമായും തല്ലിത്തകര്‍ത്തു. സമാധാനപരമായ അന്തരീക്ഷവും ചരിത്രപരമായ പ്രാധാന്യവുമുള്ള ഈ മനോഹരമായ വീട്, ഇവിടെ താമസിക്കാനെത്തിയ അതിഥികള്‍ അതീവ ക്രൂരമായാണ് നശിപ്പിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട വീടിന് സംഭവിച്ച നാശനഷ്ടങ്ങള്‍ കണ്ട് മനംനൊന്ത ഉടമ, ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അതിഥികള്‍ ഒഴിഞ്ഞുപോയതിനു ശേഷം വീടിന്റെ അവസ്ഥ പരിശോധിക്കാനെത്തിയ ഉടമയ്ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു അവിടുത്തെ കാഴ്ചകള്‍. മുറികളിലെ വിലപിടിപ്പുള്ള ഫര്‍ണിച്ചറുകള്‍ പലതും തല്ലിപ്പൊളിച്ച നിലയിലായിരുന്നു. ചരിത്രപ്രാധാന്യമുള്ള ചുവരുകളില്‍ കരിയും ചായവും പുരട്ടിയും, ജനല്‍ച്ചില്ലുകള്‍ തകര്‍ത്തും വലിയ നാശനഷ്ടങ്ങളാണ് ഇവര്‍ വരുത്തിവെച്ചിരിക്കുന്നത്. വീടിനകത്ത് അങ്ങിങ്ങായി മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിചെറിഞ്ഞ നിലയിലായിരുന്നു.
വര്‍ഷങ്ങളായി തങ്ങളുടെ പൂര്‍വ്വികര്‍ കാത്തുസൂക്ഷിച്ചതും, ഏറെ അധ്വാനിച്ച് പരിപാലിച്ചുപോന്നതുമായ ഒരു പൈതൃക സ്വത്ത് വിനോദസഞ്ചാരികള്‍ ഇത്തരത്തില്‍ നശിപ്പിച്ചതിലുള്ള കടുത്ത അമര്‍ഷവും സങ്കടവും ഉടമ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. വിനോദസഞ്ചാരത്തിനെത്തുന്ന ആളുകള്‍ക്ക് പണം നല്കിയാല് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന ധാരണ തെറ്റാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. വരുംതലമുറകള്‍ക്കായി സംരക്ഷിക്കേണ്ട ഇത്തരം പൈതൃക ഇടങ്ങളോട് കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ അതിഥികള്‍ തയ്യാറാകണമെന്നും വീഡിയോയില്‍ പറയുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ ലക്ഷക്കണക്കിന് ആളുകളാണ് വിനോദസഞ്ചാരികളുടെ ഈ മോശം പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയത്. ഉത്തരവാദിത്തമില്ലാത്ത ഇത്തരം വിനോദസഞ്ചാരികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, അവര്‍ക്ക് വന്‍ തുക പിഴ ചുമത്തണമെന്നും നെറ്റിസണ്‍സ് ആവശ്യപ്പെടുന്നുണ്ട്. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിച്ചാല്‍ രാജ്യത്തെ പല പ്രമുഖ പൈതൃക കേന്ദ്രങ്ങളും ഭാവിയില്‍ ഇല്ലാതായിപ്പോകുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നു.






