
ലഖ്‌നൗ: ഉത്തർപ്രദേശിലെ കതാർണിയഘട്ട് വന്യജീവി സങ്കേതത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കണ്ടെത്തി, രാജ്യമൊട്ടാകെ ‘മൗഗ്ലി ഗേൾ’ എന്ന് പ്രശസ്തയായ പെൺകുട്ടി മരണത്തിനു കീഴടങ്ങി. പുനരധിവാസ കാലത്ത് ‘എഹ്സാസ്’ എന്ന് പേരു ലഭിച്ച പതിനെട്ടുകാരിയായ പെൺകുട്ടി ലഖ്‌നൗവിലെ ആശുപത്രിയിലാണ് ശ്വാസകോശ രോഗത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.
ഒൻപത് വർഷത്തോളം നീണ്ട പരിചരണങ്ങൾക്കും പുനരധിവാസ ശ്രമങ്ങൾക്കും ഒടുവിലാണ് ഈ അന്ത്യം. ശ്വാസകോശ രോഗത്തെ തുടർന്നുള്ള സെപ്റ്റിസീമിയ (രക്തത്തിലെ അണുബാധ) ആണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണത്തോടെ ഈ പെൺകുട്ടിയെ കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കും അവസാനമായി.
2017 ജനുവരിയിലാണ് ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലുള്ള കതാർണിയഘട്ട് വന്യജീവി സങ്കേതത്തിലെ മോട്ടിപൂർ കാടുകളിൽ നിന്ന് ഈ പെൺകുട്ടിയെ കണ്ടെത്തുന്നത്. അന്ന് അവൾക്ക് ഏകദേശം 8-9 വയസ്സ് പ്രായം തോന്നിക്കുമായിരുന്നു .
മനുഷ്യരുമായി യാതൊരു സമ്പർക്കവുമില്ലാത്ത രീതിയിലായിരുന്നു അവളുടെ പെരുമാറ്റം. നാലുകാലിൽ നടക്കുക, വസ്ത്രം ധരിക്കാൻ വിമുഖത കാണിക്കുക, മനുഷ്യരെ കാണുമ്പോൾ പേടിച്ച് ഓടുകയോ മൃഗങ്ങളെപ്പോലെ അലറിവിളിക്കുകയോ ചെയ്യുക എന്നതായിരുന്നു അവസ്ഥ. ഇതോടെയാണ് റുഡ്യാർഡ് കിപ്ലിംഗിന്റെ പ്രശസ്തമായ 'ജംഗിൾ ബുക്ക്' കഥയിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ച് മാധ്യമങ്ങളും ജനങ്ങളും അവളെ 'മൗഗ്ലി ഗേൾ' എന്ന് വിളിക്കാൻ തുടങ്ങിയത്.
കുരങ്ങുകൾ വളർത്തിയതാണെന്ന തരത്തിൽ ആദ്യം വാർത്തകൾ പ്രചരിച്ചെങ്കിലും, മാനസിക വെല്ലുവിളികൾ നേരിടുന്ന ഈ കുട്ടിയെ സ്വന്തം കുടുംബം ഉപേക്ഷിച്ചതാകാമെന്നാണ് പിന്നീട് വിദഗ്ധർ അഭിപ്രായപ്പെട്ടത്. വർഷങ്ങളോളം പോഷകാഹാരങ്ങളും മികച്ച ചികിത്സയും നൽകിയെങ്കിലും കുട്ടിക്കാലത്തുണ്ടായ മാനസിക-ശാരീരിക ആഘാതങ്ങൾ പൂർണ്ണമായി മാറ്റാൻ കഴിഞ്ഞിരുന്നില്ല. അവളുടെ മസ്തിഷ്കം പൂർണ്ണവളർച്ചയെത്താത്ത അവസ്ഥയിലായിരുന്നുവെന്നും കടുത്ത അപസ്മാര രോഗബാധിതയായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കാട്ടിൽ നിന്നും രക്ഷപെടുത്തിയ ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി ആദ്യം അവൾക്ക് 'പൂജ' എന്ന് പേരിട്ടു. പിന്നീട് ലഖ്‌നൗവിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് അവൾക്ക് 'എഹ്സാസ്' എന്ന പേര് നൽകുന്നത്.
വർഷങ്ങൾ നീണ്ട സ്നേഹത്തോടെയുള്ള പരിചരണത്തിലൂടെ അവൾ വലിയ മാറ്റങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. വസ്ത്രങ്ങൾ ധരിച്ചു തുടങ്ങുകയും രണ്ടുകാലിൽ നിവർന്നു നിൽക്കാൻ പഠിക്കുകയും ചെയ്തു. പരിചയമുള്ള ആളുകളെ തിരിച്ചറിയുകയും ആംഗ്യ ഭാഷയിൽ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സംസാരിക്കാൻ വലിയ വശമില്ലായിരുന്നു. എന്നാൽ, പുനരധിവാസ കേന്ദ്രത്തിലെ കെയർ ടേക്കറെ സ്നേഹാധിക്യത്തോടെ ‘അമ്മ’ എന്ന് വിളിക്കുമായിരുന്നു.






