
കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സർവീസ് കാരണം ഉണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് പര്യാപ്തമല്ലെന്ന് സ്വകാര്യ ബസുടമകൾ. ബജറ്റിൽ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് മാത്രം പ്രഖ്യാപിച്ചത് ഗുണകരമാവില്ല എന്നും ദിവസവും ഉണ്ടാകുന്ന നഷ്ടം കാരണം ജൂൺ 30 മുതൽ നിരവധി ബസുകൾ സർവീസ് നിർത്താനുള്ള ആലോചനയിലാണെന്നും ബസുടമകൾ പറഞ്ഞു.
ത്രൈമാസ നികുതിയിൽ 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചാലും 106.50 മുതല്‍ 142.50 രൂപ മാത്രമാണ് നിത്യേനയുള്ള ചെലവില്‍ നിന്നും കുറയുന്നത്. സര്‍ക്കാരിന്റേത് വലിയ പ്രഖ്യാപനം ആയിരിക്കാം. എന്നാല്‍ തങ്ങള്‍ക്ക് വലിയ നേട്ടമല്ലെന്നും സ്വകാര്യ ബസുടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് കാരണം 1,000 മുതല്‍ 6,000 രൂപയുടെ നഷ്ടം വരെ ഒരുദിവസം തങ്ങള്‍ക്കുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
സ്വകാര്യബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാം. ഇതിനായി, കെഎസ്ആര്‍ടിസിക്ക് നല്കുന്ന പോലെ സര്‍ക്കാര്‍ ധനസഹായം നല്കിയാല് മതി. പലതവണ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആശങ്കകള്‍ അറിയിച്ചെങ്കിലും അതൊന്നും പരിഗണിച്ചില്ലെന്നും ബസുടമകള്‍ പറയുന്നു. നിലവിലെ സാഹചര്യത്തിൽ കെഎസ്ആര്‍ടിസി ഇല്ലാത്ത റൂട്ടില്‍ മാത്രമേ പിടിച്ച് നില്ക്കാന് സാധിക്കൂ. സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖല ഉടന്‍ തകരുമെന്നും ബസ് ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചു.
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനോ കൺസഷൻ പിൻവലിക്കാനോ സർക്കാർ തയ്യാറാവുന്നില്ല. ഡീസൽ സബ്സിഡിയും പ്രഖ്യാപിക്കുന്നില്ല. സ്വകാര്യ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ബസുടമകൾ പറയുന്നു.






