
തൊടുപുഴ: സ്വകാര്യജീവിതത്തിലേക്കുള്ള അനാവശ്യ ഇടപെടലുകളും കൂടിയതായി സാമൂഹ്യമാധ്യമങ്ങള്‍ക്ക് എതിരേ ഒരു ആക്ഷേപമുണ്ട്. വേണ്ടവണ്ണം പരിശോധിക്കാതെയും കൃത്യത വരുത്താതെയും നടത്തുന്ന ചില കണ്ടന്റുകള്‍ ദോഷമായി മാറും. ഒരു വ്‌ളോഗറുടെ ഒറ്റപ്പെട്ട വീഡിയോ ജീവിതമാര്‍ഗ്ഗത്തെ തകിടം മറിച്ചെന്ന് ആക്ഷേപിച്ച് ശക്തമായ പ്രതികരണവുമായി കരിങ്കുന്നം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍.
ഒരു തരംതിരിവുമില്ലാതെ വ്യൂസിനും ലൈക്കുകള്‍ക്കും വേണ്ടി വ്‌ലോഗര്‍മാര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളുടെ ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് താനെന്നാണ് രാജു എന്ന അറുപതുകാരന്റെ ആവലാതി. സ്ഥലം മാറിപ്പോയതിന്റെ പേരില്‍ തന്നെ മദ്യപാനിയായി ചിത്രീകരിക്കപ്പെട്ട് അപമാനിക്കലിന് ഇരയായതായി രാജു പറയുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് തൊടുപുഴയില്‍ ഒരു വ്‌ളോഗറുമായി ഉണ്ടായ സംഭവത്തിന്റെ പേരില്‍ തന്റെ കഞ്ഞികുടി മുട്ടിക്കരുതെന്നും വയറ്റത്തടിക്കരുതെന്നും അപേക്ഷിക്കുകയാണ് ഓട്ടോ ഡ്രൈവര്‍.
തൊടുപുഴ ടൗണിലെ ഒരു പ്രത്യേക വ്യാപാരസ്ഥാപനത്തിലേക്ക് പോകാന്‍ ആവശ്യപ്പെട്ട വ്‌ലോഗറോട്, ആ സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാല്‍ അറിയില്ല എന്ന് രാജു മറുപടി നല്‍കി. ടൗണ്‍ സര്‍വീസുകള്‍ അധികം നടത്താത്തതിനാലായിരുന്നു ഇത്. എന്നാല്‍ ഈ മറുപടി കേട്ടയുടന്‍ വ്‌ലോഗര്‍ രാജുവിനെതിരെ ക്യാമറ തിരിക്കുകയും നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ? എന്ന് പരസ്യമായി ചോദിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ നിരപരാധിയായ ജീവിതം തന്നെ പ്രതിസന്ധിയിലായെന്നും വീഡിയോ കണ്ട് ആളുകള്‍ ഇപ്പോള്‍ ഓട്ടം വിളിക്കാന്‍ മടിക്കുന്നെന്നും തൊഴില്‍പ്രതിസന്ധി നേരിടുകയാണെന്നും പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന വ്യാജ പ്രചാരണങ്ങളെ പൂര്‍ണ്ണമായും നിഷേധിക്കുന്ന രാജു 1982 മുതല്‍ വാഹനമോടിക്കുന്ന തനിക്കെതിരെ ഇതുവരെ ഒരു പെറ്റി കേസ് പോലും ഉണ്ടായിട്ടില്ലെന്നും പറയുന്നു. പ്രമേഹവും കൊളസ്‌ട്രോളും ഉള്‍പ്പെടെയുള്ള അസുഖങ്ങളുള്ളതിനാല്‍ താന്‍ മദ്യപിക്കാറേയില്ല.
താന്‍ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ ഉപജീവനമാര്‍ഗ്ഗമായ സ്വന്തം ഓട്ടോറിക്ഷയും ഒപ്പം ഒരു ലക്ഷം രൂപയും നല്‍കാമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ വിചാരണ ചെയ്യുന്നതിന് പകരം പോലീസിനെ വിളിച്ച് പരിശോധിക്കുകയാണ് വേണ്ടതെന്നും ഓര്‍മ്മിപ്പിക്കുന്നു.
വണ്ടിയുടെ ലോണ്‍ ഇനത്തില്‍ മാസം 7000 രൂപയോളം അടയ്ക്കണം. ഒപ്പം മരുന്നിനുള്ള ഭാരിച്ച ചെലവും. പോലീസില്‍ പരാതി നല്‍കിയെങ്കിലും, വക്കീല്‍ ഫീസ് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിക്കാതെ, ലൈക്കുകള്‍ക്ക് വേണ്ടി പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന ഇത്തരം ക്രൂരതകള്‍ സമൂഹമാധ്യമങ്ങളിലൂടെ ചെയ്യരുതെന്നും പറയുന്നു.






