
സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്ത് നടന് ടൊവിനോ തോമസ്. സിനിമാപ്രവര്‍ത്തകര്‍ ഏറെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ചത് ഈ മേഖലയില്‍ പണിയെടുക്കുന്ന അനേകായിരം പേര്‍ക്കുളള അംഗീകാരമായി കാണുന്നുവെന്നാണ് ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സര്‍ക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും നന്ദി അറിയിക്കുന്നു. സിനിമാപ്രവര്‍ത്തകര്‍ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചത് ഈ മേഖലയില്‍ പണിയെടുക്കുന്ന അനേകായിരം പേര്‍ക്കുള്ള അംഗീകാരമായി കാണുന്നു. ജെ.സി.ഡാനിയേല്‍ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കല്‍ക്കൂടി അഭിവാദ്യങ്ങള്‍. ടൊവിനോയുടെ വാക്കുകള്‍.
നേരത്തെ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ മോഹന്‍ലാലും സ്വാഗതം ചെയ്തിരുന്നു. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, ഈ തീരുമാനം സിനിമമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.






