
താരസംഘടനയായ ‘അമ്മ’യെ അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇനി കോൺഗ്രസ് എംഎൽഎയും നടനുമായ രമേഷ് പിഷാരടി നയിക്കും. മുൻ എംഎൽഎയും നടനുമായ ഗണേഷ് കുമാറും കമ്മിറ്റിയിലെ അംഗമാണ്. സംഘടനയിൽ ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി ചുമതലയേൽക്കുന്നത്.
നാലു മാസത്തെ കാലാവധിയിലാണ് രമേഷ് പിഷാരടി അധ്യക്ഷനായ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നൽകിയിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തുമെന്നാണ് തീരുമാനം.
ഏകദേശം ഒരു വർഷം മുമ്പാണ് സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സംഘടന നേരിട്ട പ്രതിച്ഛായാ പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഭരണപരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.






